തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്രെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡിസംബർ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. 17 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്. എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ എൻസിപിക്ക് അത് ആശ്വാസമാകും. നിരപരാധിയാണെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എ.കെ ശശീന്ദ്രൻ. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസഭയിലേക്കു തിരിച്ചുവരുമെന്ന് മുഖ്യമന്ത്രിയും എൻസിപിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
എ.കെ. ശശീന്ദ്രനെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയും ഇതിലെ തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടു ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് രമ്യമായി ഒത്തുതീർന്നെന്നും ഈ സാഹചര്യത്തിൽ പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നുമാണ് ഇപ്പോൾ നൽകിയ ഹർജിയിലെ ആവശ്യം.