കുമളി: ദുരിതം വിതച്ച് മഹാപ്രളയം കടന്നുപോയിരിക്കുകയാണ്. പ്രളയത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് ജനങ്ങൾ. നിരവധി സഹായങ്ങളാണ് കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ദുരിതബാധിതർക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്കും സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലേക്കും എത്തിയ സഹായങ്ങൾ വിസ്മരിക്കാനാവാത്തതാണ്. എന്നാൽ തന്റെ ജീവിത സമ്പാദ്യം മുഴുവൻ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എഴുതി നൽകിയിരിക്കുകയാണ് വണ്ടിപ്പെരിയാർ സ്വദേശി ഗണേശൻ.

തോട്ടം മേഖലയായ ഈ പ്രദേശത്ത് സ്വന്തമായി സ്ഥലമില്ലാത്തവരാണ് പെരിയാറിന്റെ തീരം കൈയ്യേറി വീട് നിർമ്മിച്ചിരുന്നത്. എന്നാൽ നദിക്ക് അവകാശപ്പെട്ടത് നദി എടുത്തതോടുകൂടി ഇക്കൂട്ടർ തികച്ചും അനാഥരായി. ഈ സാഹചര്യത്തിലാണ് കൈതാങ്ങുമായി ഗണേശനും ഭാര്യ എഴിൽ അരസിയും തങ്ങളുടെ ജീവിതസമ്പാദ്യമായ രണ്ട് ഏക്കർ ഭൂമി ഭൂരഹിതർക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്.

സർക്കാർ ഉദ്യോഗസ്ഥരായ ഇരുവരുടെയും പേരിലുള്ള രണ്ടേക്കർ ഭൂമിയാണ് വിട്ടുനൽകുന്നത്. ഏകദേശം 60 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള സാഹചര്യമാണ് ഇവർ ഒരുക്കുന്നത്. ഭൂമി വിട്ടുനൽകാനുള്ള സമ്മതപത്രം ഇന്നലെ വൈദ്യുതി മന്ത്രി എം.എം.മണിക്ക് കൈമാറി. ഈ ഭൂമി കൈമാറുന്നതോടെ ഗണേശനും കുടുംബത്തിന് ബാക്കിയുള്ളത് ഒരുകൊച്ചുവീടും അതുൾപ്പെടുന്ന അഞ്ച് സെന്റ് ഭൂമിയും മാത്രമാണ്.

സമ്മതപത്രത്തിനോടൊപ്പം ഒരു മാതൃക ഗ്രാമമാക്കി മാറ്റാനുള്ള നിർദ്ദേശങ്ങളും ഇവർ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. വൈദ്യുതി, ഗതാഗത സൗകര്യങ്ങൾക്ക് പുറമെ അംഗൻവാടി, ഗ്രന്ഥശാല തുടങ്ങിയ കാര്യങ്ങളും ഇവിടെ വേണമെന്നാണ് ഈ ദമ്പതിമാരുടെ ആവശ്യം. സർക്കാർ തന്നെ വീട് നിർമ്മിച്ച് താക്കോൽ കൈമാറണമെന്ന നിർദ്ദേശവും ഇവർ സർക്കാരിനുമുന്നിൽ വച്ചിട്ടുണ്ട്.

ഭൂമിയില്ലാത്തവർക്ക് അത് നൽകുക മാത്രമല്ല, പെരിയാറിന്റെ തീരത്തുള്ളവർ മാറുന്നതോടെ നദിയെകൂടി സംരക്ഷിക്കാനാകുമെന്ന് ഗണേശൻ പറയുന്നു. പ്രളയം ദുരിതം വിതച്ച് തുടങ്ങിയതുമുതൽ ഗണേശനും ഭാര്യയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ