കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്ക് കാരണമായത് ഫെയ്സ്ബുക്കിലെ അപകീര്‍ത്തികരമായ പോസ്‌റ്റെന്ന് സൂചന. വിദ്യാര്‍ഥികളുടെ ഫെയ്സ്ബുക്ക് പേജില്‍ ഊഷ്മളിന്റെ പേരില്‍ സഹപാഠികളായ ചിലര്‍ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. ഇതെന്ന് കരുതുന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നു.

തുടര്‍ന്ന് ഇത് സംബന്ധിച്ച് ഊഷ്മള്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. ഇതിന്റെ മാനസിക വിഷമത്തിലാണ് ഊഷ്മള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജിലെ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ എടതുരുത്തി സ്വദേശി ഊഷ്മള്‍ (22) ആണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ ഊഷ്മള്‍ 4.30ന് ഔട്ട് പാസ് എടുത്താണ് പുറത്ത് പോയത്. ഊഷ്മള്‍ ഫോണില്‍ കയര്‍ത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു. ഉടന്‍ തന്നെ സഹപാഠികള്‍ നോക്കി നില്‍ക്കെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറയുന്നു.

നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായ പരുക്കേറ്റ ഊഷ്മളിനെ കെഎംസിടി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുന്നതിന് മുന്‍പായി ഊഷ്മള്‍ ഫോൺ എറിഞ്ഞുടച്ചുവെന്നും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ