തിരുവനന്തപുരം: മോശമായ ഉളളടക്കങ്ങളുളള സീരിയലുകള്‍ വിലക്കണമെന്ന് നിയമസഭാ സമിതിയുടെ ആവശ്യം. സ്ത്രീകളേയും കുട്ടികളേയും തെറ്റായ രീതിയില്‍ വരച്ചുകാട്ടുന്ന സീരിയലുകള്‍ക്കും അവ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് നിയമസഭാ സമിതി ആവശ്യപ്പെട്ടു. പല മലയാളം സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നുമാണ് പരാതികളില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് നിയമസഭാ സമിതി നിയമസഭയില്‍ ആവശ്യം മുന്നോട്ട് വച്ചത്.
കുടുംബബന്ധങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിക്കാത്ത സീരിയലുകള്‍ക്ക് മാത്രമേ സംപ്രേഷണാനുമതി നല്‍കാവൂ എന്നാണ് നിയമസഭാ സമിതിയുടെ ആവശ്യം. സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാൻസ്ജെന്‍ഡറകളുടേയും ക്ഷേമം ഉറപ്പ് വരുത്തുന്ന സമിതിയാണ് ആവശ്യം മുന്നോട്ട് വച്ചത്.
സീരിയലുകളിലെ ഉളളടക്കങ്ങള്‍ നിരീക്ഷിക്കാനായി സമിതിയെ നിയോഗിക്കണമെന്നും അയിഷാ പോറ്റി അദ്ധ്യക്ഷയായ സമിതി ആവശ്യപ്പെട്ടു. അമ്മായിയമ്മ-മരുമോള്‍ പോര്, ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒളിച്ചോട്ടം, അബോര്‍ഷന്‍ എന്നിവയൊക്കെയാണ് ഇപ്പോഴത്തെ സീരിയലുകളുടടെ പ്രമേയമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.