scorecardresearch

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനം കേസുകളും പുതിയ വകഭേദം

ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നതായും 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു

Omicron wave, Covid19, Veena George, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണാണും ആറ് ശതമാനം ഡെല്‍റ്റയുമാണു കണ്ടെത്തിയതെന്നു മന്ത്രി പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച വിദേശത്തുനിന്ന് വന്നവരില്‍ 80 ശതമാനത്തിനും ഒമിക്രോണ്‍ വകഭേദമാണ് ബാധിച്ചത്. കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ഐസിയു ഉപയോഗത്തില്‍ രണ്ട് ശതമാനമാണു കുറവുണ്ടായത്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളിലെത്തുന്നത്. 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണ്.

ഒമിക്രോണ്‍ വകഭേദത്തിനു ഡെല്‍റ്റേയാക്കാള്‍ തീവ്രത കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നില്‍ക്കുന്നെങ്കില്‍ ഗൗരവമായി കണ്ട് ഡോക്ടറെ സമീപിക്കണം. സ്വയം ചികിത്സ വേണ്ട.

Also Read: സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 1,16,003 സാമ്പിളുകൾ

ഗൃഹപരിചരണത്തിന് ആശുപത്രിയിലേതു പോലെ തന്നെ പ്രാധാന്യം നല്‍കണം. പ്രമേഹവും വൃക്കരോഗവുമുള്ളവര്‍ ഗൃഹപരിചരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം സ്വീകരിക്കണം. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്നു ദിവസം വരെ പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറണം. ഗുരുതര രോഗികള്‍, എച്ച്‌ഐവി പോസിറ്റീവ് രോഗികള്‍ എന്നിവര്‍ കോവിഡ് സ്ഥിരീകരിച്ച ഉടന്‍ ആശുപത്രിയിലേക്കു മാറണം.

സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണം. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ ആരംഭിക്കും. 0471-2518584 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കോവിഡ് മുക്തരില്‍ കണ്ടുവരുന്ന വിവിധ തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും. പ്രാഥമിക ആരോഗ്യതലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങള്‍ ലഭ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളില്‍ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

കോവിഡ് മുക്തരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റു ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്.

ഇതില്‍ 53,280 പേരില്‍ ശ്വാസകോശം, 8609 പേരില്‍ ഹൃദ്രോഗം, 19,842 പേരില്‍ പേശീ വേദന, 7671 പേരില്‍ ന്യൂറോളജിക്കല്‍, 4568 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2732 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്തു. 1294 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈ സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്കു പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 94 percent of total covid cases in kerala are omicron veena george