തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി ഗൗരവകരമായി തന്നെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു പിണറായി. ഇന്ന് മാത്രം 82442 പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. 8,094 ക്യാമ്പുകളിലായി മൂന്ന് ലക്ഷത്തിപതിനാലായിരത്തി മുന്നൂറില്‍പരം ആളുകളാണ് കഴിയുന്നത്. ഇനിയും പലയിടത്തുമായി ഒട്ടനവധിപ്പേര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട്. നാളത്തോടെ അവരെയെല്ലാം രക്ഷപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 8 മുതല്‍ കേരളത്തിലെ മഴക്കെടുതിയില്‍ മരിച്ചത് 164 പേരാണ്. ഇന്നലെ മാത്രം 51 പേരാണ് മരിച്ചത്. വരുന്ന നാല്‍പത്തിയെട്ട് മണിക്കൂറില്‍ മഴ കുറയും എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അത് സഹായിക്കും. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നേവി, കരസേന എന്നിവര്‍ വിവിധയിടങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രളയക്കെടുതിയില്‍ ആശങ്കകള്‍ വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ മുന്‍ കരുതല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒഴുക്ക് കൂടുതലുള്ള ചാലക്കുടി, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. നാള രാവിലെയോട് കൂടി നാല് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ കൂടി ഇറക്കും. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് ബോട്ടുകള്‍ കൂടി ഇറക്കും. ഒഴുക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ മോട്ടോര്‍ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രളയബാധിതമായി തുടരുന്നതിനാല്‍ കൊച്ചിയിലെ നാവികസേനയുടെ വിമാനത്താവളം താത്കാലികമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ചെറു വിമാനങ്ങളാവും ഇവിടെ ഇറങ്ങുക. വിമാന കമ്പനികള്‍ അനിയന്ത്രിതമായി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതയുള്ള പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. കൊച്ചി മുതല്‍ ഡല്‍ഹി വരെയുള്ള വിമാന ടിക്കറ്റുകള്‍ കൂടിയ നിരക്കില്‍ പത്തായിരം രൂപ മാത്രമേ ഈടാക്കാനാകൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മധ്യകേരളത്തില്‍ പ്രളയക്കെടുതി തുടരുകയാണ്. ആയിരങ്ങളാണ് പലയിടത്തുമായി ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. തൃശൂറിലെ ചാലക്കുടി ഒറ്റപ്പെട്ട അവസ്ഥയിലാണ്. എറണാകുളത്ത് ആലുവ, കളമശ്ശേരി, പറവൂര്‍, പെരുമ്പാവൂര്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് പരിസരങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പത്തനംതിട്ട റാന്നി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമായി തുടരുന്നു. അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

സൈന്യത്തിന്റെ കൂടുതല്‍ സംഘം പ്രളയബാധിത മേഖലകളില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചു. കര, നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. മഴ തുടര്‍ന്നാല്‍ ഡാമുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പല സ്ഥലങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ