ദുരന്തം വിതച്ച മഹാപ്രളയത്തിൽ കേരളീയരെ സഹായിക്കുന്നതിൽ മുൻപന്തിയിൽ തന്നെ മലയാള മാധ്യമങ്ങൾ ഉണ്ടായിരുന്നു. ഹെല്പ് ഡെസ്‌ക്കുകൾ ഉൾപ്പടെ തുറന്ന് 24 മണിക്കൂറും സജീവമായിരുന്ന വാർത്ത മാധ്യമങ്ങളെ തന്നെയായിരുന്നു മലയാളികൾ ഏറെ ആശ്രയിച്ചതും. ദുരന്തമുഖത്ത് നിന്നുള്ള വിവരങ്ങൾ അപ്പോൾ തന്നെ ജനങ്ങളിലേക്കും അധികൃതരിലേക്കും എത്തിക്കുകയായിരുന്നു ഓരോ മാധ്യമ സ്ഥാപനങ്ങളും.

മഹാപ്രളയത്തിന്റെ ദിവസങ്ങളിൽ പത്തിൽ എട്ട് ആളുകളും കണ്ടത് മലയാളം വാർത്ത ചാനലുകളാണ്.ദുരന്ത സമയത്തെ ടെലിവിഷൻ പ്രേക്ഷകരുടെ കണക്ക് പുറത്ത് വിട്ടത് ബ്രോഡ്കാസ്റ്റ് ഓഡീൻസ് റിസർച്ച് കൗൺസിലാണ്‌ (ബാർക്ക് ). കേരളത്തിൽ ആകെയുള്ളത് 31. 3 ദശലക്ഷം ടി വി കാഴ്ചക്കാരാണുള്ളത്. ഇതിൽ 25. 8 ദശലക്ഷം ആളുകളും വാർത്ത ചാനലുകളുടെ മുന്നിലായിരുനെന്നാണ് കൗൺസിൽ പുറത്തുവിടുന്ന കണക്ക്.

2018 ലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ 98 ശതമാനത്തിന്റെ വർദ്ധനവാണ് ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായത്. ഒരു പ്രേക്ഷകൻ ശരാശരി ഒരു മണിക്കൂർ മൂന്ന് മിനിറ്റ് ടെലിവിഷന് മുന്നിൽ ചിലവഴിച്ചു എന്നാണ് കൗൺസിൽ പുറത്തുവിടുന്ന മറ്റൊരു കണക്ക്.

മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കാണ് ദുരന്തകാലത്തേത്. ഇതിന് മുമ്പ് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന വിഷയത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മലയാളം വാർത്ത ചാനലുകളെ ആശ്രയിച്ചത്. അന്ന് 215. 1 ദശലക്ഷം ആളുകളാണ് മലയാളം വാർത്ത ചാനലുകൾ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.