കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ദ​മ​നി​ൽ മ​ല​യാ​ളി വിനോദസഞ്ചാര സം​ഘ​ത്തിൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തിയ എട്ടുപേരുടെ മൃതദേഹങ്ങൾ മറ്റന്നാൾ നാട്ടിലെത്തിക്കും. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവർ. രണ്ടു ദമ്പതികളും നാല് കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചു.

Read More: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത് ഹൈക്കോടതി തടഞ്ഞു

വിനോദസഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്. 15 അംഗ സംഘമാണ് തിരുവനന്തപുരത്തു നിന്നും പോയത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ പറഞ്ഞു.

പ്രവീൺ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. പ്രവീണിന്റെ മൂന്ന് മക്കളും മരിച്ചു. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത്തും വിദേശത്താണ് ജോലി ചെയ്തിരുന്നത്.

വിനോദസഞ്ചാരികളെ അവരുടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Also Read: ജെഎൻയു സർവർ റൂമിലെ സിസിടിവി തകർത്തതല്ല, ഓഫ് ചെയ്തതെന്ന് വിവരാവകാശ രേഖ

അതേസമയം മരിച്ചവരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാകലക്ടര്‍ സാംബശിവ റാവു അറിയിച്ചു. വാര്‍ത്ത അറിഞ്ഞയുടന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ആരംഭിച്ചതായും കലക്ടര്‍ അറിയിച്ചു.

നടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് നേപ്പാൾ പൊലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസും അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേപ്പാൾ പൊലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് നേപ്പാൾ പൊലീസിന്റെ സഹായം തേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.