തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിലെ ഇരുന്പയിൽ 76 വയസ്സ് പ്രായമുള്ള വയോധികയെ പരസ്യാമായി മർദ്ദിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. സ്ത്രീയുടെ ജേഷ്ഠ സഹോദരിയുടെ മകൻ രാജീവ് എന്ന കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെയാണ് അരുവിക്കര എസ്ഐ റിയാസ് രാജ സ്വമേധയാ കേസ് എടുത്തത്. വീഡിയോ ദൃശ്യങ്ങൾ എസ്ഐ യുടെ മൊബൈലിൽ ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രാജീവ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം മർദ്ദനമേറ്റ് അരുവിക്കര ഇരുന്പ സ്വദേശിനി കൃഷ്ണമ്മ(76) രാജീവിനെതിരെ പരാതിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൃഷ്ണമ്മയുടെ മൊഴിയെടുക്കാൻ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഇവർ പറഞ്ഞത്. എന്നാൽ പരസ്യമായി മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാതിരിക്കാൻ നിവൃത്തിയില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എസ്ഐ പറഞ്ഞു.

തിങ്കളാഴ്ച ഉചയ്ക്കാണ്ട് സംഭവം നടന്നത്. ഇരുന്പ-കാച്ചാണി റൂട്ടിൽ രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ് റോഡരികിൽ ശിലാഫലകം സ്ഥാപിക്കാനായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം. ചടങ്ങിൽ നിന്ന് ഇടതുപക്ഷം വിട്ടുനിന്നതിനാൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരായിരുന്നു ചടങ്ങിന്റെ മേൽനോട്ടം വഹിച്ചത്.

കൃഷ്ണമ്മയുടെ വീട്ടിലേക്കുളള്ള ഗേറ്റിന്റെ വലത് വശത്തായാണ് ശിലാഫലകം സ്ഥാപിച്ചത്. ഇതിന് നേതൃത്വം നൽകിയത് രാജീവാണ്. എന്നാൽ ഗേറ്റിന് സമീപത്ത് നിന്ന് ശിലാഫലകം എടുത്തു മാറ്റണമെന്ന ആവശ്യത്തിൽ കൃഷ്ണമ്മ മുന്നോട്ട് വന്നു. ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങി ശിലാഫലകം സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തടസ്സപ്പെടുത്തി. ഈ സമയത്ത് രാജീവ് ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ബ്ലൗസിന് മേലെ ധരിച്ചിരുന്ന മേൽവസ്ത്രം ഊരിപ്പോയി. പിന്നീട് കൃഷ്ണമ്മയുടെ കൈയ്യിൽ രാജീവ് പിടിച്ച് വലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതേ തുടർന്ന് നിലത്ത് വീണ കൃഷ്ണമ്മയെ വലിച്ചിഴച്ചാണ് രാജീവ് ഗേറ്റിന് അകത്താക്കുന്നത്.

ഇന്ന് രാവിലെ മുതൽ ഈ വീഡിയോ ഫെയ്സ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. നിരവധി ഗ്രൂപ്പുകളിലും മറ്റും വീഡിയോ ഷെയർ ചെയ്യപ്പെട്ടു. കോൺഗ്രസ് യുവ നേതാവ് ശബരീനാഥാണ് സ്ഥലം എംഎൽഎ. ഇവിടെ പിന്നീട് നടന്ന പൊതുപരിപാടിയിൽ ഇദ്ദേഹം അദ്ധ്യക്ഷനാവുകയും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

“സംഭവത്തിൽ ഇരു കൂട്ടർക്കും പരാതിയില്ലെന്നും, ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും” മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരിശ്ചന്ദ്രൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ