തിരുവനന്തപുരം: മഹാരാഷ്ട്രയില്‍നിന്ന് ഒരു വാഹനം കേരളത്തിലെത്താന്‍ എത്ര സമയം വേണം? പരമാവധി രണ്ടു ദിവസം. എന്നാല്‍ താനെയിലെ അംബര്‍നാഥില്‍നിന്ന് പുറപ്പെട്ട  ട്രെയിലർ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ്. 74 ചക്രങ്ങളുള്ള വാഹനം ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും ഒരു ദിവസം വേണം.

വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വി.എസ്.എസ്.സി) ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് ഈ കൂറ്റന്‍ വാഹനം എത്തിയത്. അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്ണാണു ഭാരം. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വി.എസ്.എസ്.സിയിലെത്തിക്കാന്‍ കരാറെടുത്തത്.

ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് രണ്ടാഴ്ച മുന്‍പാണ് ട്രെയിലർ കേരളത്തിന്റെ അതിര്‍ത്തിയിലെത്തിയത്. അംബര്‍നാഥില്‍നിന്ന് നാസിക് വഴി ആന്ധ്രാ പ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്‌നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം. ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്. ഈ മാസം രണ്ടിനു തിരുവനന്തപുരം ജില്ലയിലെത്തിയ വാഹനം ദിവസം പരമാവധി അഞ്ച്-ആറ് കിലോ മീറ്ററാണു സഞ്ചരിക്കുന്നത്.

isro, ഐഎസ്ആർഒ, VSSC,വി.എസ്.എസ്.സി, vikaram sarabhai space centre, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, 74 wheeled truck-reached at thiruvanthapuram, വി.എസ്.എസ്.സിയിലേക്കുള്ള യന്ത്രവുമായി 74 ചക്രങ്ങളുള്ള വാഹനം തിരുവനന്തപുരത്ത്, horizontal aerospace autoclave machine, ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍,  GSLV-mk3, ജിഎസ്‌എൽവി മാർക്ക്-3,  PSLV, പിഎസ്‌എൽവി, mangalyaan- 1, മംഗൾയാൻ-1,  mangalyaan 2, മംഗൾയാൻ-2, Chaandrayaan-1, ചാന്ദ്രയാൻ-1, Chaandrayaan-2,ചാന്ദ്രയാൻ-2,Gaganyaan, ഗഗയൻയാൻ, ie malayalam, ഐഇ മലയാളം 

വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്കുള്ള ഭീമൻ യന്ത്രം വഹിക്കുന്ന ട്രെയിലർ തിരുവനന്തപുരം മ്യൂസിയത്തിനു സമീപം നിർത്തിയിട്ടിരിക്കുന്നു

വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.

വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും വൈദ്യുതി ബോര്‍ഡും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.

വാഹനം കടന്നുപോരാന്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയാസം നേരിട്ടെങ്കിലും കേരളത്തില്‍ വലിയ തടസങ്ങളുണ്ടായില്ലെന്ന് ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് സേഫ്റ്റി ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. കേരളത്തിലേക്കു കടക്കുമ്പോള്‍ മാര്‍ത്താണ്ഡം പാലമാണ് വാഹനസംഘത്തിനു വെല്ലുവിളിയായിരുന്നത്. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കാരണം പാലം പൊളിഞ്ഞുവീഴുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവമുണ്ടായില്ല. വാഹനം കടന്നുപോകാനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു.

Also Read: ജൂലൈ 24-നെ കരുതിയിരിക്കുക, ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയെ സമീപിക്കുന്നു; നാസയുടെ മുന്നറിയിപ്പ്

ലോജിസ്റ്റിക് കമ്പനിയുടെ 16 പേര്‍ ഉള്‍പ്പെടെ 32 പേരാണു വാഹനത്തിനൊപ്പമുള്ളത്. മുംബൈ, കൊല്‍ക്കത്ത സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 16 പേരാണ് ട്രക്കിന്റെ  ഭാഗമായുള്ളത്. ജീവനക്കാര്‍ ഇടയ്ക്കിടെ മാറും.

കന്യാകുമാരിക്കു സമീപത്തുള്ള ശുചീന്ദ്രത്ത് ലോറി രണ്ടുമാസം നിര്‍ത്തിയിടേണ്ടി വന്നതാണ് കേരളത്തിലെത്താന്‍ വൈകിയത്. കോവിഡ് ഭീതി കാരണം ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ തിരിച്ചുപോയതാണ് ഇതിനു കാരണം.

ഇന്ന് 6.5 കിലോ മീറ്റര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയാണ്. നാളെ എട്ടു കിലോ മീറ്ററോളം സഞ്ചരിച്ച് വാഹനം യന്ത്രവുമായി ലക്ഷ്യസ്ഥാനമായ വട്ടിയൂര്‍ക്കാവ് വിഎസ്എസ്‌സ യില്‍ വൈകിട്ടോടെ എത്തും. തുടര്‍ന്ന് ഫ്രെയിം ഉപേക്ഷിച്ച് ട്രെയിലറുമായി ജീവനക്കാര്‍ മടങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.