സംസ്ഥാനത്ത് 3,606 ജലസ്രോതസ്സുകളിൽ  73 ശതമാനം ജലസ്രോതസ്സുകളും മലിനീകരിക്കപ്പെട്ടുവെന്ന് പഠനറിപ്പോർട്ട്. 27 ശതമാനം മാത്രമാണ് മലിനമാകാതെ  അവശേഷിക്കുന്നവ. പൂർണ്ണമായോ ഭാഗികമായോ മലിനീകരണക്കപ്പെട്ടവയാണ് 73 ശതമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ  പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ‘ഭാഗമായി സംഘടിപ്പിച്ച ജലസ്രേതസ്സുകളുടെ സ്ഥിതിവിവരപഠനത്തിലാണ് ഈ കണ്ടെത്തല്‍.

റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ‘ഭാഗികമായി മലിനമാക്കപ്പെട്ടത് 46.10 ശതമാനമാണ്. പൂര്‍ണമായും മലിനമാക്കപ്പെട്ട 26.90 ശതമാനവും. ഭാഗീകമായി മലിനമായ ജലസ്രോതസ്സുകള്‍ കുടിക്കാന്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ വയനാട് ജില്ലയില്‍ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും കുടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാതല റിപ്പോര്‍ട്ട് പറയുന്നു.

മലിനീകരണത്തിന്റെ കാരണങ്ങള്‍ ഇപ്രകാരമാണ്. ഖരമാലിന്യം 53 ശതമാനം, ദ്രവമാലിന്യങ്ങള്‍ 16.97 ശതമാനം, ഗാര്‍ഹികമാലിന്യങ്ങള്‍ 23.24ശതമാനം, കൈയേറ്റം ഏഴ് ശതമാനം എന്നിങ്ങനെയാണ്.

മലിനജലത്തിലൂടെ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളുടെ കണക്ക് ഇപ്രകാരമാണ്. ഗാര്‍ഹികം 55.20 ശതമാനം. ഇതില്‍ ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മലിനീകരണം 11ശതമാനമാണ്. വാഹനം കഴുകുന്നതുമൂലമുള്ള മലിനീകരണം 25ശതമാനവും കന്നുകാലികളെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മലിനീകരണം 10.30ശതമാനവും മറ്റുള്ളവ 3.50 ശതമാനവുമാണ്. ഖരമാലിന്യങ്ങള്‍ വലിയതോതില്‍ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ 40ശതമാനമാണ്. ചപ്പുചവറുകള്‍കൊണ്ടുള്ള മാലിന്യങ്ങള്‍ 30.55ശതമാനവും പ്ലാസ്റ്റിക്, കുപ്പി മുതലായവകൊണ്ടുള്ള മാലിന്യങ്ങള്‍ 20ശതമാനവും മറ്റുള്ളവ ഒമ്പത് ശതമാനവുമാണ്.

മലിനീകരണം വഴി ജലസ്രോതസ്സുകളില്‍ കാണുന്ന ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശികപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജലസ്രോതസ്സുകളുടെ കൈയേറ്റം അമിതമായ വളപ്രയോഗം, വയല്‍നികത്തല്‍, അനിയന്ത്രിതമായ പാറപൊട്ടിക്കല്‍, വനനശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, നീരുറവകളും ചാലുകളും നികത്തല്‍ തുടങ്ങിയവ ജലസ്രോതസ്സുകളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാവുന്നു.

ഭാഗികമായി മലിനമായവ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക എളുപ്പം സാധ്യമായ കാര്യമാണ്. പൂര്‍ണമായി മലിനമാക്കപ്പെട്ടവ വീണ്ടെടുക്കുന്നതിനായി അടിയന്തരസ്വഭാവത്തിലുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജലസ്രോതസ്സുകള്‍ അപകടാവസ്ഥയില്‍ ആയതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. പഠനം നടത്തിയവയില്‍ 28%വും മണലൂറ്റല്‍ കൊണ്ട് അപകടാവസ്ഥയിലാണ്. കൈയേറ്റം കൊണ്ട് അപകടാവസ്ഥയിലായത് ഏഴ് ശതമാനവും മറ്റുള്ള കാരണങ്ങള്‍കൊണ്ട് അപകടാവസ്ഥയിലായത് 25ശതമാനവുമാണ്.
പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപവാസികളില്‍ 70ശതമാനംപേര്‍ക്കും ജലസ്രോതസ്സുകള്‍ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് സാമാന്യധാരണയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 25ശതമാനം പേർക്ക് ഇക്കാര്യത്തിൽ ധാരണയില്ല. അഞ്ച് ശതമാനം പേർക്ക് അറിയില്ല.

പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ച നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കണം. അമിത വളപ്രയോഗം, മണലൂറ്റല്‍, കുന്നിടിക്കല്‍, വയല്‍നികത്തല്‍, ജലസ്രോതസ്സുകളുടെ കൈയേറ്റം, വനനശീകരണം, മാരകവിഷമുള്ള കീടനാശിനികളുടെ ഉപയോഗം, മാലിന്യനിക്ഷേപങ്ങള്‍ എന്നിവ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി പ്രാദേശിക പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുക, പരിസ്ഥിതി സൗഹാര്‍ദപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, ആദിവാസിമേഖലകള്‍, പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ എന്നിവടങ്ങളില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കുക, ഇത്തരം മേഖലകളിലെ പരിസ്ഥിതിപ്രശ്‌നങ്ങളും അതുമൂലം ജനജീവിതത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി സമിതിയെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.

പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ‘ഭാഗമായാണ് ജലസ്രേതസ്സുകളുടെ സ്ഥിതിവിവരപഠനം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പരിപാടി നടന്നു. ജനകീയ സംരംഭം എന്ന നിലയിലാണ് സ്ഥിതിവിവരപഠനം സംഘടിപ്പിച്ചത്. 2003 വാര്‍ഡുകളിലാണ് ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനം നടന്നത്. ഈ പരിപാടിയുടെ ‘ഭാഗമായി 58,463 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സാക്ഷരതാസമിതികളും പ്രാദേശിക പഠനസംഘങ്ങളും രൂപീകരിക്കുകയുണ്ടായി. ആകെ സര്‍വേടീം അംഗങ്ങളായി 25,101 പേര്‍ പങ്കെടുത്തു. 20 മുതല്‍ 60 വരെയുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു സര്‍വേടീമുകള്‍.

സംസ്ഥാനത്ത് ആകെ 3606 ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനമാണ് നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. കുളങ്ങള്‍ 1302, തോടുകള്‍ 941, പുഴയുടെ ‘ഭാഗങ്ങള്‍ 153, പൊതുകിണറുകള്‍ 1107, മറ്റുള്ളവ 87 കായല്‍’ാഗങ്ങള്‍ 16. അതായത് 36.1 ശതമാനം കുളങ്ങളും, 26ശതമാനം തോടുകളും 4.25 ശതമാനം പുഴകളും 30.7 ശതമാനം പൊതുകിണറുകളും ഉള്‍പ്പെടുന്നു. 2.4 ശതമാനം ജലസ്രോതസ്സുകള്‍ മറ്റുള്ളവയുടെ ഗണത്തില്‍പ്പെടുന്നു. ഇടുക്കിയിലെ നീര്‍ച്ചാലുകള്‍, ഓലികള്‍ എന്നിവയും കാസര്‍ഗോഡ് ജില്ലയിലെ പള്ളങ്ങളും മറ്റുള്ളവയുടെ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനാല്‍ തുടങ്ങിയവയും മറ്റള്ളുവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുളങ്ങള്‍ പഠനവിധേയമായത് പാലക്കാട് ജില്ലയിലാണ്. കൂടുതല്‍ പൊതുകിണര്‍ പഠനവിധേയമായത് തൃശൂര്‍ ജില്ലയിലും ഏറ്റവും കൂടുതല്‍ തോടുകള്‍ പഠനവിധേയമാക്കിയത് തിരുവനന്തപുരം ജില്ലയുമാണ്. നദിയുടെ ഭാഗങ്ങള്‍ മിക്ക ജില്ലകളിലും സ്ഥിതിവിവരപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതുപോലെ കായലുകളുടെ ‘ഭാഗങ്ങളും പഠനവിധേയമായിട്ടുണ്ട്. ചുരുക്കത്തില്‍ കേരളത്തിലെ ഏതാണ്ട് എല്ലാ ജലസ്രോതസ്സുകളുടെയും സാമ്പിളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന കണ്ടെത്തലുകള്‍ കേരളത്തിന്റെ ആകെ ജലസ്രോതസ്സുകളെ സംബന്ധിച്ചുളള സാമ്പിള്‍ പഠനറിപ്പോര്‍ട്ടായി പരിഗണിക്കാന്‍ കഴിയുന്നതാണെന്ന് പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.