കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം ഒരു അത്യപൂർവ്വ ശസ്ത്രക്രിയ നടന്നു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ കൊച്ചി കൂനമ്മാവ് സ്വദേശിനി ലളിത(56)യുടെ കണ്ണിൽ നിന്ന് ഡൈറോഫൈലേറിയ എന്ന വിരയെയാണ് ഡോക്ടർമാർ പുറത്തെടുത്തത്. അതിന്റെ നീളം കണ്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ പോലും അമ്പരന്നു. 70 മില്ലീമീറ്റർ.

മനുഷ്യരിൽ മന്ത് രോഗമുണ്ടാക്കുന്ന ഫൈലേറിയ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ, സാധാരണ നായകളെയാണ് പിടികൂടാറുള്ളത്. എന്നാൽ വളരെ അപൂർവ്വമായി ഇവർ മനുഷ്യരെയും പിടികൂടാറുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ലളിതയുടെ കണ്ണിൽ നിന്ന്, ഡോക്ടർമാരായ ഷർമ്മിള സി.പി യും പ്രദീപ് കുമാറും ചേർന്നാണ് വിരയെ പുറത്തെടുത്തത്.

ഡൈറോ ഫൈലേറിയ വേം ഇൻ ദി ഐ” എന്നാണ് വിരകൾ കണ്ണിൽ കാണുന്നതിന് വൈദ്യശാസ്ത്ര രംഗത്ത് പൊതുവേ പറയപ്പെടുന്നത്. മന്ത് രോഗത്തിന് കാരണക്കാരായ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ മന്ത് രോഗം ഉണ്ടാക്കില്ല. കൊതുകിന്റെ ശരീരത്തിൽ വളർച്ചയുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കുന്ന ഡൈറോ ഫൈലേറിയ മൂന്നാം ഘട്ട വളർച്ചയാണ് മനുഷ്യശരീരത്തിൽ സാധ്യമാക്കുന്നത്.

Dirofilariasis, filariasis, കണ്ണിൽ നിന്ന് വിരയെ പുറത്തെടുത്തു, worm in the eye, ഫൈലേറിയ വിര, മന്ത് രോഗം, filaria, worm, Ernakulam Govt General Hospital, Dr.Sharmila, Dr.Pradeep, ഡോ.ഷർമ്മിള, ഡോ.പ്രദീപ്‌കുമാർ,

സാധാരണ നായകളിൽ കാണപ്പെടുന്ന വിരകൾ വളരെ വിരളമായാണ് മനുഷ്യ ശരീരത്തെ ആക്രമിക്കുന്നത്. മനുഷ്യ ശരീരത്തിൽ ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലാണ് കാണപ്പെടാറുള്ളത്. ഒരു തവണ കൊതുക് കടിച്ചാൽ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോ.ശർമ്മിള പറഞ്ഞു.

“ഈ വിരകൾ ശരീരത്തിൽ എവിടെയും കയറാം. കണ്ണിലായത് കൊണ്ടാണ് നമുക്ക് കാണാനായത്. ഇപ്പോൾ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കിൽ ശക്തമായ വിറയലും പനിയും അങ്ങിനെ പല ലക്ഷണങ്ങളും കാണാം. ത്വക്കിലാണെങ്കിലും അവിടെയും അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഈ രണ്ടിടത്തും വിരകളെ കണ്ടെത്തണമെങ്കിൽ വിശദമായ പരിശോധനകൾ നടത്തേണ്ടി വരും. സ്ലിറ്റ് ലാംപ് മൈക്രോ സ്കോപ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കണ്ണിൽ വിരയെ കാണാൻ പറ്റിയത്”, ഡോ. ശർമ്മിള പറഞ്ഞു.

കണ്ണിൽ വെളുത്ത നിറത്തിൽ കാണുന്ന കണ്ണിന്റെ പുറംതോടിന്റെ പാളികൾക്ക് ഇടയിലായിരുന്നു വിര ഉണ്ടായിരുന്നത്. അതിനാൽ തന്നെ കാഴ്ചയെ ബാധിക്കാതെ വിരയെ പുറത്തെത്തിക്കാൻ സാധിച്ചു. കൃഷ്ണമണിയ്ക്ക് അകത്തായിരുന്നു വിര ഉണ്ടായിരുന്നതെങ്കിൽ കാഴ്ചയെ തന്നെ ബാധിച്ചേനെയെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു.

“ഈ വിരകളുടെ മുട്ട സാധാരണയായി നായകളുടെ പുറത്താണ് കാണുന്നത്. കൊതുക് നായകളെ കടിക്കുമ്പോൾ വിരകൾ അവയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൊതുകിന്റെ ശരീരത്തിനകത്ത് വിരകൾ രണ്ട് ഘട്ടം വരെ വളരും. മൂന്നാം ഘട്ടം വളർച്ചയുടെ സമയത്താണ് കൊതുക് വിരയെ കൈമാറുന്നത്. ഈ സമയത്ത് കൊതുക് കടിക്കുന്നയാളിലേക്ക് വിരയുടെ ലാർവ കൈമാറ്റം ചെയ്യപ്പെടും” ഡോക്ടർ ശർമ്മിള വിശദീകരിച്ചു.

ലോക്കൽ അനസ്തേഷ്യ നൽകിയായിരുന്നു ലളിതയുടെ ശസ്ത്രക്രിയ നടത്തിയത്. വെറും പത്ത് മിനിറ്റ് മാത്രമേ വിരയെ നീക്കം ചെയ്യാൻ സമയം എടുത്തുള്ളൂ. ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ അതിനൂതന മൈക്രോ സ്കോപ് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. പിന്നീട് അടുത്ത ദിവസം തന്നെ കണ്ണ് സുഖമാവുകയും ചെയ്തു. എന്നാൽ ശരീരത്തിൽ മറ്റെവിടെയെങ്കിലും വിരകൾ ഉണ്ടോയെന്ന സംശയം ഡോക്ടർമാർക്ക് ഉണ്ടായിരുന്നു. ഇവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകിയാണ് ലളിതയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.