തൊടുപുഴ: ഏഴു വയസുകാരനെ കാലിൽ തൂക്കി എറിഞ്ഞ് തല തകർക്കുകയും അതിക്രൂരമായി മർദിച്ച് ദേഹമാസകലം പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു. സംഭവം നടന്ന വാടക വീട്ടിലാണ് പ്രതി തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിനെ (36) തെളിവെടുപ്പിനായി കൊണ്ടു വന്നത്.

കൂക്കി വിളികളോടെയാണ് നാട്ടുകാര്‍ പ്രതിയെ വരവേറ്റത്. കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. കുട്ടിയുടെ അമ്മയുടെ കാമുകനായ അരുണിന്റെ മർദനമേറ്റ് തലയോട്ടി പൊട്ടിയും തലച്ചോറിന് ക്ഷതമേറ്റും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്. കട്ടിലിൽ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിക്ക് കൊടും പീഡനമേൽക്കേണ്ടിവന്നത്. തിരുവനന്തപുരത്ത് ഒരു കൊലക്കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അരുൺ.

Read: ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; പ്രതി അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുട്ടിയുടെ നിലയില്‍ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയും ഇല്ല. വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ പൊലീസുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തും. ആന്തരിക അവയവങ്ങളായ ഹൃദയത്തിനും ശ്വാസകോശത്തിനും അടക്കം പരുക്കുകളുണ്ട്. അരുണ്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് സാരമായ പരുക്കുകളേറ്റത്.

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മനഃസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മേയ് 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. 2018 നവംബർ 19ന് ഏഴും മൂന്നരയും വയസുള്ള രണ്ട് ആൺമക്കളുമായി ഇവർ അരുണിനൊപ്പം സ്വന്തം നാടായ തൊടുപുഴയിൽ താമസം തുടങ്ങി. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇയാൾ കുട്ടികളെയും യുവതിയെയും ക്രൂരമായി മർദിക്കാൻ തുടങ്ങി.

Read: പ്രകോപന കാരണം ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചത്; കുട്ടിയെ മര്‍ദിച്ച ശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു

സംഭവദിവസം രാത്രി ഒന്നരയോടെ അരുൺ യുവതിയെയും കൂട്ടി താമസസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. സ്വന്തം കാറിലായിരുന്നു യാത്ര. യുവതിയാണ് കാർ ഓടിച്ചത്. ഈ സമയം കുട്ടികൾ രണ്ടു പേരും ഭക്ഷണം കഴിക്കാതെ വാടക വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. ഇവരെ മുറിക്കുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടാണ് ഇരുവരും പോയത്.
മൂന്നുമണിയോടെ ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തിയ ഇരുവരും കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി ഉണർന്ന് അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു. കുപിതനായ അരുൺ ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവിനും ഇളയ കുട്ടിക്കും മർദനമേറ്റു.

തല തകർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും യുവതിയും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടിക്കിടന്ന മുറിയിൽ ഇളയ കുട്ടി തനിച്ചായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് മാതാവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണതാണെന്ന് അരുണും പറഞ്ഞതിലുള്ള വൈരുദ്ധ്യം മനസിലാക്കി ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് അയയ്ക്കുകയും ചെയ്തു. പൊലീസും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തിലാണ് മർദനവിവരം പുറത്തു വന്നത്. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ