/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/09/Onam-Bumper-.jpg)
Onam Bumper 2023 Kerala Lottery Thiruvonam Bumper BR 93 draw date time venue keralalotteries.com: ഈ വർഷം ഓണം ബംപർ അടിക്കുന്ന ഭാഗ്യവാൻ/ ഭാഗ്യവതി ആരാവും? അതറിയാനാണ് കേരളക്കര ഉറ്റുനോക്കുന്നത്. ഓണം ബംപർ നറുക്കെടുപ്പിന് കഷ്ടിച്ച് ഒരാഴ്ച മാത്രം ശേഷിക്കവേ, 63.5 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. ബുധനാഴ്ച മാത്രം രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റു.
നറുക്കെടുപ്പ് അടുത്തതോടെ പലയിടങ്ങളിലും ടിക്കറ്റുകൾ തീർന്നുപോയാലോ എന്ന ടെൻഷനിൽ ധൃതിപിടിക്കുന്ന ഭാഗ്യാന്വേഷികളെയാണ് കാണാനാവുക. 'ടെൻഷൻ വേണ്ട. ഭാഗ്യാന്വേഷികളേ, ശാന്തരാവുവിൻ' എന്നാണ് ലോട്ടറി വകുപ്പിന് പറയാനുള്ളത്. ഓണം ബംപറിന്റെ 80 ലക്ഷം ടിക്കറ്റുകൾ പ്രിൻ്റു ചെയ്തിട്ടുണ്ട്. ഡിമാന്റ് കൂടുകയാണെങ്കിൽ 90 ലക്ഷം ടിക്കറ്റുകൾ വരെ അടിക്കാനുള്ള അനുമതിയുമുണ്ട്. സെപ്റ്റംബർ 20നാണ് ഓണം ബംപർ നറുക്കെടുപ്പ്.
ഇത്തവണത്തെ ഓണം ബംപർ ഇതുവരെയുള്ള സകല റെക്കോർഡുകളെയും മറികടന്നാണ് മുന്നോട്ടുപോവുന്നത്. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകളാണ് ആകെ വിറ്റുപോയത്. ആ കണക്കുകളെ മറികടക്കും ഇത്തവണത്തെ വിൽപ്പന എന്ന സൂചനകളാണ് ലഭിക്കുന്നത്. ഓണം ബംപറിന് കഴിഞ്ഞ വർഷത്തേക്കാൾ ഡിമാന്റുണ്ട് ഇത്തവണ എന്നാണ് ലോട്ടറി വകുപ്പ് അധികൃതർ പറയുന്നത്.
ആളുകൾ വ്യക്തിഗതമായി ടിക്കറ്റുകൾ എടുക്കുന്നതിനൊപ്പം സുഹൃത്തുക്കൾക്കൊപ്പവും സഹപ്രവർത്തകർക്കൊപ്പവുമൊക്കെ ചേർന്ന് ഷെയറിട്ട് ടിക്കറ്റെടുക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. 2019ൽ കൊല്ലം കരുനാഗപ്പള്ളി ജ്വല്ലറി ജീവനക്കാരായ ആറു പേർ ഒന്നിച്ചെടുത്ത ടിക്കറ്റിന് ഓണം ബംപർ അടിച്ചതും ഈ വർഷം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിന് മൺസൂൺ ബംപർ അടിച്ചതുമെല്ലാം ഷെയറിട്ട് ടിക്കറ്റ് എടുക്കുന്ന പ്രവണത കൂടാൻ കാരണമായിട്ടുണ്ട്.
2022ൽ, 226 പേർ ഒന്നിച്ച് ഓണം ബംപർ എടുത്ത് കേരളത്തിലെ വെള്ളിക്കോത്ത് എന്ന ഗ്രാമം ലോട്ടറി വിൽപ്പനയുടെയും വാങ്ങിലിലെയും ചരിത്രം മാറ്റിയെഴുതിയിരുന്നു. കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഗ്രാമത്തിലെ 226 പേർ നൂറ് രൂപ വീതം ഷെയർ ഇട്ടാണ് ലോട്ടറി വാങ്ങിയത്, അതും ഒന്നും രണ്ടും ലോട്ടറിയല്ല. 40 ലോട്ടറി ടിക്കറ്റുകളാണ് ഒരു ഗ്രാമം വാങ്ങികൂട്ടിയത്.
ഭാഗ്യം പരീക്ഷിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ വന്ന് ഓണം ബംപർ ടിക്കറ്റുകൾ വാങ്ങി ഭാഗ്യ പരീക്ഷണത്തിനു തയ്യാറാവുന്ന പ്രവണതയും കൂടുതലായി കണ്ടു വരുന്നുണ്ട്. തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ലോട്ടറി വിപണനം നിരോധിച്ചിരിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പലവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ടിക്കറ്റുകളും വാങ്ങിയാണ് മടങ്ങുന്നത്. പ്രിന്റ്/ ഓൺലൈൻ ലോട്ടറികളുടെ വിൽപ്പന 2003ലാണ് തമിഴ്നാട് സർക്കാർ നിരോധിച്ചത്.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നുള്ള ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീനായിരുന്നു 2021ലെ ക്രിസ്മസ് ന്യൂ ഇയർ ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. തൊട്ടടുത്ത വർഷം, 2022ൽ, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള പ്രദീപ് കുമാറിനും ബന്ധുവായ എൻ രമേഷിനും കേരള ലോട്ടറിയുടെ വിഷു ബംപർ അടിച്ചു. ഒരു ബന്ധുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും സ്വീകരിക്കാനെത്തിയപ്പോൾ പ്രദീപും രമേഷും എടുത്ത ടിക്കറ്റിനാണ് 10 കോടി രൂപയടിച്ചത്. ഈ ഘടകങ്ങളും കേരള ലോട്ടറിയോട് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രീതി വർധിക്കാൻ കാരണമായിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ വർഷം സമ്മാനഘടനയിൽ കൊണ്ടുവന്ന മാറ്റങ്ങളും ഓണം ബംപർ ടിക്കറ്റുകളുടെ ഡിമാന്റ് വർധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് ലോട്ടറി വകുപ്പ് കണക്കാക്കുന്നത്. ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനവും ഇത്തവണ ഏറെ ആകർഷകമാണ്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും ലഭിക്കും. കഴിഞ്ഞ വർഷം മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും.125 കോടി 54 ലക്ഷം രൂപയാണ് ആകെത്തുക. ഇത് കഴിഞ്ഞ തവണ നൽകിയതിലും കൂടുതലാണ്.
വാഴയ്ക്ക് ഒപ്പം ചീരയും നനയുമ്പോൾ
ഓണം ബംപറിന്റെ റെക്കോർഡ് വിൽപ്പന ലോട്ടറി വകുപ്പിന് നേട്ടമാവുകയാണ്. ഓണം ബംപർ വാങ്ങുന്നതിനൊപ്പം പ്രതിവാര ലോട്ടറികൾ വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. സമീപകാലത്തിറങ്ങിയ പ്രതിവാര ടിക്കറ്റുകളെല്ലാം ഒറ്റ ടിക്കറ്റും ബാക്കിയില്ലാത്ത രീതിയിൽ പൂർണമായും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് പറയുന്നു. വാഴ നനയുമ്പോൾ ഒപ്പം ചീരയും നനയുന്ന രീതിയിലുള്ള ഈ ലോട്ടറി വിൽപ്പനയിലെ പ്രവണതകൾ ലോട്ടറി വകുപ്പിനൊപ്പം സർക്കാരിനും ആശ്വാസമാവുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.