scorecardresearch
Latest News

കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്

covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗണ്‍, number of cases in kerala, കേരളത്തിലെ കോവിഡ്-19 രോഗികളുടെ എണ്ണം, active cases in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യുഎഇ-9, സൗദി അറേബ്യ-3, കുവൈത്ത്-2, മാലിദ്വീപ്-1, സിംഗപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Read Also: ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; റഷ്യയെ മറികടന്ന് ബ്രസീൽ

എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂറ്റ്യൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാംപിളുകള്‍ ശേഖരിച്ചതില്‍ 7147 സാംപിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാംപിളുകളാണ് പരിശോധിച്ചത്.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രി

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്‍റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 62 persons confirmed covid 19 in kerala