കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപുലമായ രീതിയില്‍ കലോത്സവം നടക്കുന്നത്. എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ എം ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, എ കെ ശശീന്ദ്രന്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന് എംപി എന്നിവര്‍ പങ്കെടുത്തു.
24 വേദികളിലായി 239 ഇനങ്ങളാണുള്ളത്. 14,000 മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഇന്ന് എല്ലാ വേദികളിലും രാവിലെ 11 മണി മുതലാണ് മത്സരങ്ങള്‍. മറ്റ് ദിവസങ്ങളില്‍ ഒന്‍പത് മണിക്ക് വേദികള്‍ ഉണരും.
ഇന്ന് ആരംഭിക്കുന്ന കലാമേള ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.
അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ ഇല്ലാത്ത മേളയാക്കി സംസ്ഥാന കലോത്സവത്തിനെ മാറ്റുക എന്ന ലക്ഷ്യമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിനായി അധ്യാപകരും രക്ഷിതാക്കളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തവണ അപ്പീലുകള്‍ താരതമ്യേന കുറവാണെന്നാണ് ലഭിക്കുന്ന വിവരം. 14 ജില്ലകളിലേയും ഡിഡിമാര്‍ അനുവദിച്ചത് 256 അപ്പീലുകള്‍ മാത്രമാണ്. 2020-ല്‍ അപ്പീലുകളുടെ എണ്ണം 600 കടന്നിരുന്നു.