തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന ഖ്യാതിയോടെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലേറിയിട്ട് ഇന്ന് അറുപതാണ്ട്. ചരിത്രത്തിൽ ഇടം നേടിയ ആ തിരഞ്ഞെടുപ്പ് വിജയത്തിന്റെയും ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെയും ആഘോഷങ്ങൾ ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിപുലമായ ആഘോഷപരിപാടികളാണ് ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്.ഈ മാസം 26 വരെയാണ് പരിപാടികൾ നടക്കുന്നത്. മലപ്പുറം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടയ്ക്ക് കുറച്ച് ദിവസം ആഘോഷ പരിപാടികൾക്ക് അവധി നൽകിയിട്ടുണ്ട്.

ആഘോഷ പരിപാടികളുടെ ഭാഗമായി ആദ്യ മന്ത്രിസഭാ അംഗമായ കെ.ആർ.ഗൗരിയമ്മ, ആദ്യ നിയമസഭാംഗം ഇ.ചന്ദ്രശേഖരൻ നായർ എന്നിവരെ വീടുകളിലെത്തി ആദരിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലും കനക്കുന്ന് കൊട്ടാരത്തിലുമായി നിരവധി സെമിനാറുകളും ചർച്ചകളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വർഷങ്ങൾ നീണ്ട പ്രതിഷേധത്തിനും സമരത്തിനും ഒടുവിലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. 1956 നവംബർ 1 ന് കേരളം പിറവിയെടുത്ത ശേഷം തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളുണ്ടായി. മൂന്ന് സീറ്റുകളുടെ അധിക ബലത്തിലാണ് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയത്.

ഇ.എം.എസിനെ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയായി നിർദ്ദേശിച്ചു. 1957 മാർച്ച് 26 നാണ് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ഇ.എം.എസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

ഏപ്രിൽ അഞ്ചിന് ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്തു. തൊട്ടടുത്ത ദിവസമാണ് മന്ത്രിസഭ സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ