ദുബായ്: മലയാളി വിദ്യാര്‍ഥി ദുബായില്‍ വച്ച് ശ്വാസം മുട്ടി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഫസീലസില് ഫൈസലിന്റെ മകന് മുഹമ്മദ് ഫര്ഹാന് (6) ആണ് ശ്വാസം മുട്ടി മരിച്ചത്. മദ്രസയിലെ ബസിലാണ് കുട്ടി ശ്വാസം മുട്ടി മരിച്ചത്.
ദുബായ് അല്‍ഖൂസിലുള്ള അല്‍മനാര്‍ സെന്ററില്‍ വാരാന്ത്യദിനത്തില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയതായിരുന്നു ഫർഹാൻ. മറ്റു കുട്ടികളെല്ലാം ബസില്‍ നിന്ന് ഇറങ്ങിയെങ്കിലും ഫര്ഹാന് ഉറങ്ങിപ്പോയി. ഡ്രൈവര്‍ ബസ് ലോക്ക് ചെയ്തതോടെ ഫർഹാൻ അതിനകത്ത് കുടുങ്ങി. കുട്ടി അകത്ത് ഉറങ്ങുന്നത് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
കടുത്തവേനലായതിനാല്‍ കുട്ടി ബസിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടിന് മുമ്പ് മദ്റസയിലെത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 ഓടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് മൂന്ന് മണിയോടെയാണ് മദ്രസാ അധികൃതര്‍ തങ്ങളെ വിവരം അറിയിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. വൈകിട്ട് 6 മണിയോടെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി. കരാമയിലാണ് കുട്ടിയും കുടബംവും താമസിച്ചിരുന്നത്. മൂന്ന് കുട്ടികളില്‍ ഇളയ ആളാണ് ഫര്ഹാന്.
കുട്ടിയുടെ പിതാവ് ഫൈസല്‍ ദുബായിലും കേരളത്തിലും ബിസിനസ് നടത്തുകയാണ്. സംഭവത്തില്‍ അല്‍മനാര്‍ സെന്ററില്‍ പഠിക്കുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കളും ഞെട്ടലിലാണ്.