മലപ്പുറം: തിരൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്നു പൊലീസ്. ഇന്നു പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഇതേ കുടുംബത്തിലെ മറ്റ് അഞ്ച് കുട്ടികൾ കൂടി പല കാലങ്ങളിലായി മരിച്ച സാഹചര്യത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് പൊലീസിനെ സമീപിച്ചത്.
ഒൻപതു വർഷത്തിനിടെയാണ് കുട്ടികൾ മരിച്ചത്.മരിച്ചതിൽ നാലു പേർ പെൺകുട്ടികളും മൂന്നുപേർ ആൺകുട്ടികളുമാണ്. അഞ്ച് കുട്ടികൾ ഒരു വയസിന് താഴെ പ്രായമുളളപ്പോഴാണ് മരിക്കുന്നത്. ഒരു കുട്ടി നാലര വയസുളളപ്പോഴാണ് മരിച്ചത്.
ഇന്നു പുലർച്ചെയാണ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന് അയയ്ക്കുകയായിരുന്നു.
Read Also: പൊലീസ് ക്യാമ്പിൽ നിന്ന് തിരകൾ കാണാതായ സംഭവം; പരാതി നൽകിയത് 22 വർഷങ്ങൾക്ക് ശേഷം
2011 നും 20 നും ഇടയിലായാണ് ആറ് കുട്ടികളുടെ ജനനം. കുട്ടികളുടെയെല്ലാം മൃതദേഹം പോസ്റ്റ് മോർട്ടം നടത്താതെ സംസ്കരിച്ചതും തുടർച്ചായി കുട്ടികൾ മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കൾ ശ്രമിക്കാതിരുന്നതുമാണ് ദുരൂഹതയേറാൻ കാരണം. അതേസമയം, മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അപസ്മാരമാണ് കുട്ടികൾ മരിച്ചതിന് കാരണമെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മലപ്പുറം എസ്പി യു.അബ്ദുൾ കരീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നു മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്തി മരണകാരണം കണ്ടെത്തുമെന്നും അന്വേഷണ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.