തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രതിരിക്കേണ്ട തിരുവനന്തപുരം-ദോഹ വിമാനം റദ്ദാക്കി. യാത്രാ അനുമതിയില്ലാത്തതിനെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്. ദോഹയിലേക്ക് തിരിച്ച് ഇന്ന് രാത്രി 10.45 ന് തിരുവനന്തപുരത്ത് തിരിച്ചെത്തേണ്ടിയരുന്ന വിമാനമാണ് റദ്ദാക്കിയത്.  181 യാത്രക്കാരെയായിരുന്നു തിരിച്ചെത്തിക്കേണ്ടിയിരുന്നത്.

അതേസമയം,ശനിയാഴ്ച മൂന്ന് വിമാനങ്ങളിലായി കൊച്ചി വിമാനത്താവളത്തിൽ 535 പ്രവാസികൾ തിരിച്ചെത്തി. ഇതിൽ 156 ഗർഭിണികളും ഉൾപ്പെടും.

കുവൈറ്റ്-കൊച്ചി വിമാനത്തിൽ ആകെ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 103 പേർ സ്ത്രീകളും 77 പേർ പുരുഷൻമാരും രണ്ട് പേർ ട്രാൻസ്ജെൻഡർ വ്യക്തികളുമാണ്. 48 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 27 കുട്ടികളുമുണ്ട്. എറണാകുളം സ്വദേശികളായ 13 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 2 കുട്ടികളും ഇതിലുൾപ്പെടുന്നു. മൂന്ന് മുതിർന്ന പൗരൻമാരും വിമാനത്തിലുണ്ടായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 5 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം-38, കോഴിക്കോട് – 1, കോട്ടയം – 20, തൃശ്ശൂർ – 31, കൊല്ലം-2, മലപ്പുറം – 13, പത്തനംത്തിട്ട – 20, പാലക്കാട്‌ – 12, കണ്ണൂർ – 10, ആലപ്പുഴ-16, ഇടുക്കി – 12, തിരുവനന്തപുരം- 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

എറണാകുളത്തെ രണ്ട് പേരെയും പത്തനംത്തിട്ട, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും ഓരോരുത്തരെ വീതവും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ (എസ്.സി.എം.എസ് മുട്ടം) 14 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 13 പേർ എറണാകുളം സ്വദേശികളും ഒരാൾ കോട്ടയം സ്വദേശിയുമാണ്.

മസ്കറ്റ് – കൊച്ചി വിമാനത്തിൽ 95 പുരുഷന്മാരും 83 സ്ത്രീകളും ഉൾപ്പെടെ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 32 പേർ ഗർഭിണികളാണ്. പത്തുവയസിൽ താഴെയുള്ള 21 പേരും, അഞ്ച് മുതിർന്ന പൗരന്മാരുമുണ്ട്. എറണാകുളം ജില്ലക്കാരായ അഞ്ച് ഗർഭിണികളും ഇതിലുൾപ്പെടുന്നു.

വിമാനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശിയായ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി. എറണാകുളം ജില്ലയിൽ നിന്നുള്ള 12 പേരെ അവരവരുടെ വീടുകളിലും, 10 പേരെ മുട്ടം എസ്.സി.എം.എസ് കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി.

ജില്ലതിരിച്ചുള്ള​ കണക്ക്

എറണാകുളം-23, തൃശൂർ -28, ആലപ്പുഴ-13, തിരുവനന്തപുരം – 10, പത്തനംതിട്ട – 17, കൊല്ലം-13, പാലക്കാട് – 20, മലപ്പുറം – 8, കോഴിക്കോട്-11 , കണ്ണൂർ – 19, കാസർകോട് – 1, കോട്ടയം – 15 എന്നീ ജില്ലകളിലുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ദോഹ കൊച്ചി വിമാനത്തിൽ 64 പുരുഷന്മാരും 111 സ്ത്രീകളും ഉൾപ്പെടെ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 76 പേർ ഗർഭിണികളാണ്. പത്തുവയസിനു താഴെയുള്ള 38 കുട്ടികളും നാല് മുതിർന്ന പൗരൻമാരുമുണ്ട്.

ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 2, പത്തനംതിട്ട – 4, ആലപ്പുഴ – 1, ഇടുക്കി – 1, എറണാകുളം – 18, തൃശ്ശൂർ – 56, പാലക്കാട് – 18, മലപ്പുറം-12, കോഴിക്കോട്- 29, കാസർഗോഡ് – 5, കോട്ടയം – 9, കണ്ണൂർ – 20 – എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

എറണാകുളത്തു നിന്നുള്ള 18 പേരിൽ എട്ട് പേർ പുരുഷൻമാരും പത്തുപേർ സ്ത്രീകളുമാണ്. ഒമ്പത് ഗർഭിണികളും, 10 വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളുമുണ്ട്. ഇതിൽ എറണാകുളം സ്വദേശിയായ ഒരാളെ കോവിഡ് കെയർ സെൻ്ററിലും (എസ്.സി.എം.എസ് മുട്ടം) ബാക്കിയുള്ള 17 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.