ആലപ്പുഴ: നിരപരാധി 521 ദിവസമായി ജയില്‍ കഴിയേണ്ടിവരുന്നത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു തീയിട്ടെന്ന കേസില്‍ കോടതി വെറുതെ വിട്ട മണ്ണഞ്ചേരി ആറാം വാര്‍ഡ് കണ്ടത്തില്‍ വീട്ടില്‍ ജോഷി(58)യാണു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ എല്‍ഡിഎഫ് മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച കേസിലാണു 2019 ഏപ്രില്‍ ഏഴിനു ജോഷി അറസ്റ്റിലായത്. ജാമ്യം നില്‍ക്കാന്‍ ആളില്ലാതെ വന്നതോടെയാണു ജോഷിക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.

ജോഷി ഇത്രയും കാലം ജയിലില്‍ കിടക്കാനിടയായത് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണു മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഓഫീസ് കത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടണമെന്നു കമ്മിഷന്റെ നിര്‍ദേശിച്ചു.

കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് ജോഷിയെ ജയില്‍ മോചിതനാക്കാന്‍ 18നു കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജോഷിയെ ഇതുവരെ ജയിലില്‍നിന്നു വിട്ടയച്ചിട്ടില്ല. ഇതുസംബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കമ്മിഷനു വിശദീകരണം നല്‍കണം. ജയില്‍ വിഭാഗം ഡിജിപിയും ഇക്കാര്യം വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മറ്റു രണ്ട് കേസുകളുള്ളതിനാല്‍ ഒക്ടോബര്‍ 17നു മാത്രമേ ജോഷിയെ ജയിലില്‍നിന്ന് വിട്ടയയ്ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ജോഷിയുടെ പേരില്‍ വേറെ കേസുകളില്ലെന്നും മണ്ണഞ്ചേരി സ്വദേശിയായ മറ്റൊരാള്‍ക്കെതിരെയാണ് കേസുകളെന്നുമാണു ജോഷിയുടെ അഭിഭാഷകന്‍ പറയുന്നത്. ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ് ജോഷിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

ജോഷിയെ വിട്ടയച്ചുകൊണ്ടുള്ള കോടതി ഉത്തരവ് അന്നുതന്നെ ജയില്‍ അധികൃതര്‍ക്ക് ഇ-മെയില്‍ വഴി അയച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് തപാല്‍ മാര്‍ഗം കിട്ടണമെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്.

ലഭിക്കാവുന്ന പരമാവധി ശിക്ഷയെക്കാള്‍ കൂടുതല്‍ ദിവസം ഒരാളെ ജയിലില്‍ കിടത്താന്‍ പാടില്ലെന്നാണു നിയമമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് മക്കളും അടങ്ങുന്നതാണു കെട്ടിട നിര്‍മാണത്തൊഴിലാളിയായ ജോഷിയുടെ കുടുംബം. പണിതീരാത്ത വീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തികശേഷിയില്ലാത്തതിനാലാണു വീട്ടുകാര്‍ക്ക് ജോഷിയെ ജാമ്യത്തിലിറക്കാന്‍ കഴിയാതിരുന്നത്. നിത്യച്ചെലവിനു പോലും പ്രയാസപ്പെടുന്നതിനാല്‍ ഇവര്‍ക്കു ജോഷിയെ ജയില്‍ പോയി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.