scorecardresearch
Latest News

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം; 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി

60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം; 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് പല ഇടങ്ങളിലായി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രി അറിയിച്ചു.

60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍ക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍.

പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസ്സുകള്‍ ആക്രമിക്കപ്പെട്ടാലും സര്‍വീസ് തുടരുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ന് 2432 ബസ്സുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 51 ksrtc buses attacked in hartal