തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം. പോലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് ഭേദഗതി.

കേരള പോലീസ് നിയമത്തിൽ 118 (എ) എന്ന പുതിയ വകുപ്പ് ഉൾക്കൊള്ളുന്ന ഓർഡിനൻസിൽ ഒപ്പിട്ടതായി ഖാന്റെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തും.

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്ന ദുരുപയോഗമാണ് തീരുമാനത്തിന് വഴികാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. എന്നാൽ ഈ ഭേദഗതി പൊലീസിന് കൂടുതൽ അധികാരം നൽകുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്.

ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ അനൂപ് കുമാരൻ പറഞ്ഞു. “118 (എ) വകുപ്പ് ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ സോഷ്യൽ മീഡിയ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ, പുതിയ നിയമം അധികാരികളെയും സർക്കാരിനെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കും, ”അദ്ദേഹം പറഞ്ഞു.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കോവിഡ് -19 ആരംഭിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ കുറ്റകൃത്യങ്ങൾ, വ്യാജ പ്രചാരണം, വിദ്വേഷ പ്രസംഗം എന്നിവ ഉയർന്നതായി ഇടതുപക്ഷ സർക്കാർ അവകാശപ്പെട്ടിരുന്നു. കേരള പോലീസ് നിയമത്തിലെ സെക്ഷൻ 118 (ഡി) യും ഐടി നിയമത്തിലെ സെക്ഷൻ 66-എയും സുപ്രീം കോടതി റദ്ദാക്കിയെങ്കിലും അവ മാറ്റിസ്ഥാപിക്കാൻ കേന്ദ്രം മറ്റ് നിയമ ഏർപ്പെടുത്തിയിട്ടില്ലെന്നും വാദിച്ചിരുന്നു. “ഈ സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലൂടെയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പോലീസിന് കഴിയില്ല,” സർക്കാർ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.