വൈക്കം: മതംമാറ്റത്തെ തുടർന്ന് വിവാദമായ സംഭവത്തിൽ, ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഹാദിയയെ കാണാൻ പോയ അഞ്ച് വനിതകൾ.  വൈക്കത്തിനടുത്ത് ടിവി പുരത്തെ വീട്ടിലെത്തിയ സ്ത്രീകളെ ഹാദിയയെ കാണാൻ അനുവദിച്ചില്ല.

തീവ്രവാദികളെന്ന് ആരോപിച്ച് ഇവർക്ക് നേരെ നാട്ടുകാരിൽ ചിലർ അസഭ്യ വർഷം ചൊരിഞ്ഞതായും, ഇവരിൽ ഒരാളുടെ ഭർത്താവിനെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതായും സംഘാംഗമായ അനുഷ പോൾ ഐഇ മലയാളത്തോട് പ്രതികരിച്ചു.

Read More: അഖിലയിൽ നിന്ന് ഹാദിയയിലേക്കുള്ള യാത്ര

ഇന്ന് ഉച്ചയോട് കൂടിയാണ് അനുഷയടക്കം അഞ്ച് സ്ത്രീകൾ ടിവി പുരത്തുളള  ഹാദിയയുടെ വീട്ടിലേയ്ക്ക് പോയത്. പുസ്തകങ്ങളും വസ്ത്രവും ചിത്രങ്ങളും ഹാദിയയ്ക്ക് ഇവർ സമ്മാനമായി കരുതിയിരുന്നു. എന്നാൽ വീട്ടുമതിലിന് പുറത്തെത്തിയ ഇവരെ അകത്തേക്ക് കയറ്റിവിട്ടില്ലെന്നാണ് അവർ പറഞ്ഞു. അനുഷ പോളിന്റെ ഫെയ്സ്ബുക്ക് ലൈവിൽ സംഘാംഗമായ മറ്റൊരാളാണ് ഇക്കാര്യം പറഞ്ഞത്.

അനുഷ പോളിനൊപ്പം മാധ്യമപ്രവർത്തകയായ മൃദുല ഭവാനി, വിദ്യാർത്ഥിനികളായ സജ്ന, അമ്മു, നർത്തകിയായ ഭൂമി, ഷബ്ന എന്നിവരാണ് കോട്ടയത്തെ വീട്ടിലെത്തിയത്. ഇവരെ നാട്ടുകാർ തടഞ്ഞുവച്ചതായും അസഭ്യവർഷം നടത്തിയതായും ഷബ്നയെയും സജ്നയെയും ആക്രമിച്ചതായും അനുഷ പോൾ ഐഇ മലയാളത്തിനോട് പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസ് ഇവരെ അസഭ്യം വിളിച്ചവർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം. “ഷബ്നയെ കൂട്ടിക്കൊണ്ടുപോകാൻ സ്ഥലത്തെത്തിയ ഭർത്താവ് ഫൈസൽ ഹസൈനയെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തു. ഞങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ ഒരു ഓട്ടോറിക്ഷ പോലും കിട്ടിയിട്ടില്ല. ഞങ്ങൾ തീവ്രവാദികളാണെന്ന് പറഞ്ഞ് വരുന്ന ഓരോ ഓട്ടോറിക്ഷയും നാട്ടുകാർ മടക്കി അയച്ചു. ഒന്നര കിലോമീറ്ററോളം നടന്നാണ് ഞങ്ങൾക്ക് വാഹനം ലഭിച്ചത്.” അനുഷ പറഞ്ഞു.

Read More : ഹാദിയ കേസ് ഇതുവരെ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ