തിരുവനന്തപുരം: കേരളത്തിലെ ഐടി വ്യവസായ രംഗത്തിന് പുതിയ പ്രതീക്ഷൾ നൽകികൊണ്ടാണ് പ്രമുഖ കാർ നിർമ്മാതാക്കളായ നിസ്സാൻ കേരളവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ഹബ്ബ് ആരംഭിക്കാൻ ധാരണായാകുന്നത്.

തിരുവനന്തപുരം നഗരാതിർത്തിയിലെ ടെക്നോസിറ്റിയിലെ 30 ഏക്കർ സ്ഥലത്താണ് നിസ്സാന്റെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് ആരംഭിക്കുക. ഇതിന്റെ പ്രാരംഭഘട്ടം ആരംഭിക്കുകയാണ്. ഇതിനായുളള​ ധാരണാ പത്രം കേരള സർക്കാരും നിസ്സാനും ഒപ്പിട്ടു. ഇതിനായെത്തിയ നിസ്സാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോണിതോമസ് കേരളത്തിലെ പുതിയ പദ്ധതിയെ കുറിച്ചും എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു എന്നതിനെ കുറിച്ചും കേരളത്തിന് ലഭിക്കുന്ന സാധ്യതകളെ കുറിച്ചും സംസാരിച്ചു.

നിസ്സാൻ ഡിജിറ്റൽ ഹബ്ബ് പ്രവർത്തനം ആരംഭിക്കുന്ന ആദ്യവർഷാവസനത്തോടെ തന്നെ 500 പേർക്ക് നേരിട്ട് ജോലി നൽകാൻ സാധിക്കുമെന്ന് നിസ്സാൻ ടോണി തോമസ് അവകാശപ്പെട്ടു. പാർട്ണർ ഏജൻസികൾ വഴിയായിരിക്കും പരോക്ഷ ജോലിലഭ്യതകൾ സൃഷ്ടിക്കപ്പെടുക. ഡിജിറ്റൽ ഓപ്പറേഷൻസ് സജീവമാകുന്നതോടെ തുടക്കക്കാർക്കും സീനിയർ തലത്തിലും തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടും

“തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബ്ബിൽ ഡിജിറ്റൈസേഷൻ എന്ന ലക്ഷ്യമിട്ടായിരിക്കും പ്രവർത്തിക്കുക”യെന്ന് നിസ്സാൻ ടോണി തോമസ് പറഞ്ഞു. ധാരണാപത്രം ഒപ്പിടുന്നതനായി എത്തിയ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “കാറുകളുടെ നിർമ്മാണത്തിലെ സോഫ്റ്റ് വെയർ മേഖലയായിരിക്കും ഇവിടുത്തെ പ്രവർത്തനം ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നിസ്സാനെ പുതിയ യുഗത്തിലേയ്ക്ക് നയിക്കുന്നതിൽ തിരുവനന്തപുരം ഡിജിറ്റൽ​ ഹബ്ബിന് നിർണായക റോളുണ്ടാകും. നിരവധി പദ്ധതികൾ സംസ്ഥാനവുമായി ചേർന്ന നടപ്പാക്കുന്നതിനുളളതിന്റെ തുടക്കമാണിത്.” ചീഫ് ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

ഇന്ത്യയിൽ ഇ- വാഹനങ്ങളുടെ നിർമ്മാണം സംബന്ധിച്ച് നിസ്സാന് വൻപദ്ധതിയുണ്ട്. കേരളം അതിലൊരുഭാഗമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ രണ്ടാം നിരക്കാരായ ടാലന്റുകൾക്കായല്ല ശ്രമിക്കുന്നത്. മികച്ച പ്രതിഭകൾ വരുന്നത് തിരുവനന്തപുരം പോലുളള രണ്ടാം നിര നഗരങ്ങളിൽ നിന്നാണെന്ന തിരിച്ചറിവാണ്. ഇവിടങ്ങളിലുളളവർക്ക് വലിയ അവസരങ്ങൾ ലഭിക്കുന്നില്ല. ഞങ്ങൾക്ക് മികച്ച കഴിവുളളവരെ ലഭിക്കുവാൻ എന്ത് ചെയ്യണമെന്ന സ്വയം ചോദ്യത്തിൽ നിന്നാണ് ഈ ഉത്തരം കണ്ടെത്തിയത്. ഇപ്പോൾ ഞങ്ങൾക്ക് അത്ഭുതകരമായ തരത്തിൽ മികവുറ്റവരെ കിട്ടുന്നു.

രണ്ടാമത്തെ കാരണം മികച്ച ജീവിതാന്തരീക്ഷമാണ്. രണ്ട് മണിക്കൂർ യോഗത്തിനായി ബെംഗളുരൂ വിമാനത്താവളത്തിൽ നിന്നും വൈറ്റ് ഫീൽഡ് വരെ പോകണമെങ്കിൽ നിങ്ങളുടെ ഒരു ദിവസം നഷ്ടമാകും. ഡൽഹിയിലാണെങ്കിൽ ഒരു ദിവസം നിങ്ങൾ രണ്ട് പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നതു പോലെയാണ് സ്ഥിതി. മികച്ച ജീവിതാന്തരീക്ഷമാണ് ഞങ്ങളെ തിരുവനന്തപുരത്തേയ്ക്ക് ആകർഷിച്ചത്. നിങ്ങൾക്ക് മികച്ച ഒരു ജോലി കേരളത്തിൽ കിട്ടുമെങ്കിൽ മറ്റ് നഗരത്തിലേയ്ക്ക് ചേക്കേറേണ്ടതില്ലല്ലോ” ടോണി തോമസ് പറയുന്നു.

ഏറ്റവും പ്രധാനപ്പെട്ടത് സംസ്ഥാന സർക്കാരും പാർട്ടിക്കതീതിമായി വ്യക്തികളും ഗ്ലോബൽ ഹബ്ബുമായി ബന്ധപ്പെട്ട് ഞങ്ങളെ കണ്ടിരുന്നു. ശശി തരൂർ മുതൽ അൽഫോൺസ് കണ്ണന്താനം വരെ. അങ്ങനെയുളള കേരളത്തിലെ അന്തരീക്ഷം ഞങ്ങൾ ഇഷ്ടപ്പെടുന്നു.

Read More: നിസ്സാൻ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത്, ധാരണാപത്രം ഒപ്പിട്ടു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.