തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടാക്രമിച്ച കേസിൽ അഞ്ച് ബിജെപി പ്രവർത്തകർ പിടിയിലായി. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അരുൺ, ശബരി, കിരൺ, സന്തോഷ് മനോജ് എന്നീ ബിജെപി പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേർ അറസ്റ്റിലായത്.

ഈ അക്രമ പരമ്പരകളിൽ പ്രതികളായവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് ശക്തമായ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐരാണിമുട്ടത്ത് എസ്എഫ്ഐ യുടെ കൊടിമരം തകർത്തതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് വലിയ അക്രമ പരമ്പരയിലേക്ക് തിരുവനന്തപുരത്തെ കൊണ്ടെത്തിച്ചത്.

എബിവിപി -എസ്എഫ്ഐ സംഘർഷം പൊലീസ് ഇടപെട്ട് ഒത്തുതീർത്തെങ്കിലും ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ വീണ്ടും സംഘട്ടനം ഉണ്ടായി. ഇതേ തുടർന്ന് എബിവിപി നേതാവിന്റെ വീട് സിപിഎം അനുഭാവികൾ ആക്രമിച്ചിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം ജില്ല സിപിഎം നേതാക്കളും ജനപ്രതിനിധികളുമായവരുടെ വീടുകളിലേക്ക് വലിയ തോതിലാണ് ആക്രമണം ഉണ്ടായത്.

ഇതിന് പിന്നാലെ ബിജെപി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് കല്ലേറിൽ തകർന്നു. ഇതിന് പുറമേ, വീടിന്റെ ജനൽചില്ലുകളും തകർന്നു.

അക്രമികള്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലേയ്ക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ മൂന്ന് പ്രതികൾ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞത്. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്റിൽ വിട്ടിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരും ഇപ്പോൾ റിമാന്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ