പാലക്കാട്: ഫൊട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഇമേജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 49-ാമത് ഫൊട്ടോ എക്സിബിഷൻ ഡിസംബർ 15, 16, 17 തീയതികളിൽ നടക്കും. പ്രദർശനത്തിൽ പ്രഗത്ഭ ഫോട്ടോഗ്രാഫർമാരുടെ 198 ഫൊട്ടോ പ്രിന്റുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഫോർട്ട് മെയ്ഡനിലെ ഐഎംഎ ഹാളിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
അന്തരിച്ച ഫൊട്ടോഗ്രാഫർ സുധാകര മേനോന്റെ നേതൃത്വത്തിൽ 1969 ലാണ് പാലക്കാടുളള ഫൊട്ടോഗ്രാഫർമാർ ഒത്തുചേർന്ന് ഇമേജ് സ്ഥാപിക്കുന്നത്. 1973 ലാണ് സംഘടനയുടെ പേര് ‘ഇമേജ്’ എന്നാക്കി മാറ്റിയത്. അതേ വർഷം തന്നെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൊട്ടോഗ്രഫിയുടെ അംഗീകാരവും ലഭിച്ചു.
എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച ഇമേജ് അംഗങ്ങൾ ഒരുമിച്ച് ചേരാറുണ്ട്. എല്ലാ വർഷവും ഡിസംബറിൽ മൂന്നു ദിവസത്തെ എക്സിബിഷൻ സംഘടിപ്പിക്കുന്നു. എക്സിബിഷനിലൂടെ ഇമേജിലെ അംഗങ്ങൾ പകർത്തിയ ചിത്രങ്ങൾ ഫൊട്ടോ ആസ്വാദകർക്ക് കാണാനുള്ള അവസരമൊരുക്കുന്നു. അഞ്ചു വർഷത്തിലൊരിക്കൽ ഓൾ ഇന്ത്യ സലോൺ ഫൊട്ടോഗ്രഫിയും സംഘടിപ്പിക്കുന്നുണ്ട്.