കോട്ടയം: കൂരോപ്പടയില്‍ വൈദികന്റെ ജേക്കബ് നൈനാൻ്റെ വീട് കുത്തി തുറന്ന് 48 പവന്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. വൈദികന്റെ മൂത്ത മകന്‍ ഷൈനോയാണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്ക് നയിച്ച കാരണമെന്നാണ് ഷൈനോ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ചോവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈദികനും ഭാര്യ സാലിയും വൈകിട്ട് നാലേകാലോട് പള്ളിയില്‍ പോയിരുന്നു. ഏകദേശം ഏഴ് മണിയോടെയാണ് തിരികെ എത്തിയത്. ഇതിനിടയിലാണ് മോഷണം നടന്നത്. സ്വര്‍ണം മാത്രമായിരുന്നില്ല 80,000 രൂപയും മോഷണം പോയിരുന്നു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിനുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. എന്നാല്‍ മോഷണം പോയ സ്വര്‍ണത്തില്‍ 21 പവന്‍ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. വീടുമായി അടുത്ത പരിചയമുള്ള ആരോ ആകാം മോഷണം നടത്തിയതെന്ന് ആദ്യം തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.
ദുരൂഹത വര്‍ധിച്ചതോടെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണമാണ് ഷൈനോയിലേക്ക് എത്തിച്ചത്. ഷൈനോയുടെ കടബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും നിര്‍ണായകമായിരുന്നു. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.