കൊച്ചി: പരസ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷന്റെ(ഐഎഎ) ആഗോള ഉച്ചകോടിക്ക് കൊച്ചിയിൽ തുടങ്ങി. അസോസിയേഷന്റെ 44ാംമത് സമ്മേളനത്തിനാണ് ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ തുടക്കമായത്. ശ്രീശ്രീ രവിശങ്കറും അമിതാഭ് ബച്ചനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സംഘടനയുടെ ചെയർമാനും ലോക പ്രസിഡന്റുമായ ശ്രീനിവാസൻ കെ സ്വാമി, ശ്രീ ശ്രീ രവിശങ്കർ, അമിതാഭ് ബച്ചൻ, പ്രദീപ് ഗുഹ എന്നിവർ സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്തു. റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.
“സങ്കീർണ്ണമായ ലോകവിപണിയിൽ മാറ്റത്തിന്റെ വഴിയൊരുക്കാൻ ഐഎഎ നിങ്ങളെ സഹായിക്കും. ലോകം മാറുകയാണ്, നമ്മൾ മാറുകയാണ്, മാറ്റത്തിന്റെ ദിശ നിശ്ചയിക്കാൻ നമുക്കൊരാളെ ആവശ്യവുമാണ്. ആ ദിശായന്ത്രമാകാൻ ഐഎഎയ്ക്ക് സാധിക്കും. മാധ്യമങ്ങളെയും, ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളെയും ടെക്നോളജി കമ്പനികളെയും അനലറ്റിക്സ് കമ്പനികളെയും പിആർ ഏജൻസികളെയും ഉൾക്കൊളളുന്ന ഒരേയൊരു സംഘടനയാണ് ഐഎഎ. ഇത് പോലൊരു സംഘടന ലോകത്തെങ്ങും ഇല്ല,” ശ്രീനിവാസൻ കെ സ്വാമി പറഞ്ഞു.
ധാർമികതയിൽ ഊന്നിയാകണം ഏതൊരു ഉൽപ്പന്നത്തിന്റെയും ബ്രാൻഡിങ്ങെന്നു ബച്ചൻ അഭിപ്രായപ്പെട്ടു. “ഞാൻ മദ്യത്തിനും പുകവലിക്കും വേണ്ടിയുളള പരസ്യത്തിൽ അഭിനയിക്കില്ല… ഞാനിതിന്റെ മാസ്റ്ററല്ല, ദാഹിച്ച് വലയുന്ന ഒരു മനുഷ്യന് ഞാൻ വെള്ളം വിൽക്കുന്നത് നിങ്ങളുടെ നല്ല സ്ക്രിപ്റ്റുകളുടെ സഹായത്തോടെയാണ്,” ബച്ചൻ പറഞ്ഞു.
ന്യൂയോർക്ക് ആണ് ഐഎഎയുടെ ആസ്ഥാനം. 1938 ലാണ് ഇത് ആരംഭിച്ചത്. 45 രാജ്യങ്ങളിൽ ഇതിന് ചാപ്റ്ററുകളുണ്ട്. ഇന്ത്യ ആദ്യമായാണ് ലോക കോൺഗ്രസിന് വേദിയാകുന്നത്. 2000ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. എട്ട് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ ആന്ദ്രേ അഗസി, ദീപിക പദുകോൺ, തുടങ്ങിയവർ വെളളിയാഴ്ച സമ്മേളനത്തിൽ പങ്കെടുക്കും.