കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിൽ കുറ്റം നിലനിൽക്കില്ലെന്ന് പൊലീസ് കണ്ടെത്തൽ. പൊലീസ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇതോടെ കേസുകളിൽ വകുപ്പ് മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് കോടതിയെ സമീപിക്കും. 2002 മുതൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ 42 കേസുകളിൽ അനധികൃതമായി യുഎപിഎ കുറ്റം ചുമത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്റ കണ്ടെത്തി.

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മാവോയിസ്റ്റ് അനുഭാവം, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. പാതിയിലേറെ കേസുകളും ഈ കുറ്റങ്ങളുടെ പേരിലാണെന്നാണ് വിവരം.

അതേസമയം ഇത്തരം കേസുകൾ​ അറസ്റ്റ് നടന്നിട്ടുണ്ടോയെന്ന് ഡിജിപി ചോദിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവികളോട് ഇക്കാര്യം അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഉടൻ തന്നെ കോടതിയെ ധരിപ്പിക്കുമെന്നാണ് വിവരം.

നേരത്തേ സിപിഎമ്മിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനങ്ങൾക്ക് വഴിവെച്ചതാണ് യുഎപിഎ വിവാദം. യുഎപിഎ ചുമത്തുന്നതിനെതിരെ നിലപാട് എടുത്ത സിപിഎം അധികാരത്തിലെത്തിയിട്ടും ജനങ്ങൾക്ക് യുഎപിഎ യിൽ നിന്ന് രക്ഷയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ സിപിഐ-സിപിഎം നേതൃത്വം തമ്മിലും തർക്കമുണ്ടായി.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ യുഎപിഎ വിരുദ്ധ നിലപാടാണ് സിപിഎമ്മിനെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹം സംസ്ഥാനത്തെ യുഎപിഎ കേസുകൾ പൊലീസ് പുന:പരിശോധിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ