എറണാകുളം: കൊച്ചിയിൽനിന്ന് 400 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി എച്ച്എംടിക്കു സമീപം കൈപ്പടമുകളിലെ വീട്ടിലാണ് പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. ഫ്രീസറിനകത്താണ് ദുർഗന്ധം വമിക്കുന്ന ഇറച്ചി സൂക്ഷിച്ചിരുന്നത്.
കളമശ്ശേരി ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. മാസങ്ങൾ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്നാട്ടിൽനിന്നാണ് ഇറച്ചി എത്തിച്ചതെന്നാണ് സംശയം. അവിടെയുള്ള കോഴിഫാമുകളിൽനിന്നുള്ള ചത്ത കോഴികളെയാണ് രഹസ്യമായി ഇവിടേക്ക് എത്തിരുന്നതെന്നാണ് വിവരം. പാലക്കാട് സ്വദേശി ജുനൈസാണു വീട് വാടകയ്ക്കെടുത്ത് ഇറച്ചിക്കച്ചവടം നടത്തിയിരുന്നത്.