തൃശ്ശൂർ: ആനപ്രേമികളുടെ കേന്ദ്രമായ തൃശ്ശൂരിൽ അക്രമകാരികളായ ആനകളുടെ കാര്യത്തിൽ കടുത്ത അലംഭാവം തുടരുന്നുവെന്ന് വ്യക്തം. മൂന്ന് മാസത്തിനിടെ തൃശ്ശൂരിൽ മാത്രം നാല് പേരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഗുരുവായൂർ കോട്ടപ്പടിയിൽ കണ്ണൂർ സ്വദേശി ബാബുവിനെ കൊലപ്പെടുത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൊലപ്പെടുത്തിയവരുടെ എണ്ണം 12 ആയി.

ഡിസംബർ ഒന്നിന് പൂതൃക്കോവിൽ പാർത്ഥസാരഥി ക്ഷേത്രത്തിനകത്ത് വച്ച് ഇതേ ക്ഷേത്രത്തിന്റെ പാർത്ഥസാരഥി എന്ന ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് ഡിസംബർ 17 ന് മായന്നൂർ അയ്യപ്പൻ വിളക്കിനിടെ ശങ്കരനാരായണൻ എന്ന ആന പാപ്പാൻ രാജേഷിനെ കുത്തിക്കൊലപ്പെടുത്തി. ജനുവരി 27 ന് തൃശ്ശൂർ പൊങ്ങണംകാട് വച്ച് കുട്ടിശങ്കരൻ എന്ന ആന പാപ്പാനായ ബാബുവിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇന്ന് ബാബു എന്ന കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയത്.

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ളതും എല്ലാ ലക്ഷണങ്ങളും ഒത്തതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എന്നാൽ അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് പൂർണ്ണ കാഴ്ചശക്തിയില്ല. ആറ് പാപ്പാന്മാരും നാല് സ്ത്രീകളും സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആൺകുട്ടിയുമാണ് ഇതിന് മുൻപ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എൻ രാമചന്ദ്ര അയ്യർ ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങിയ ആനയാണിത്.  പിന്നീട് തൃശ്ശൂർ സ്വദേശി വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇതിന് ശേഷമാണ് ആന കൊലയാളിയായത്.

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ 1984 ൽ നടക്കിരുത്തിയ ആന അടുത്ത അഞ്ച് വർഷത്തിനിടെ തന്നെ ആറ് പാപ്പാന്മാരെ കൊലപ്പെടുത്തി. 1986 ൽ പാപ്പാന്റെ മർദ്ദനത്തിൽ ആനയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. 2009 ൽ തൃശ്ശൂർ കാട്ടാകാമ്പൽ ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ 12 കാരനായ വിദ്യാർത്ഥിയാണ് മരിച്ചത്.

ഇതേ വർഷം എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ രാമചന്ദ്രന്റെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ മൂന്ന് സ്ത്രീകളുടെ ജീവനും ആന എടുത്തു. 2011 മുതൽ തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.

മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ രാമചന്ദ്രനെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.