കൊച്ചി: ലക്ഷദ്വീപിലെ അന്ത്രോത്ത് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ നാല് പേരെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിട്ടു. ദക്ഷിണ നാവിക സേനയും കോസ്റ്റ് ഗാർഡും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ചെറിയ തോണിയിൽ ശനിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ഹംസ തൈലത്ത്(47), പി ഷാഹിദ് (45), കെകെ അൻവർ(35), ബി ഹസ്സൻ(46) എന്നിവരെയാണ് കാണാതായത്. ഇവർ കടലിൽ വിരിച്ച വല തിരച്ചിൽ സംഘം കണ്ടെത്തി.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ സംഘം മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ ഇവർ ആറരയായിട്ടും എത്താതിരുന്നതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. പിന്നീട് ലക്ഷദ്വീപ് ഭരണകൂടത്തെ വിവരമറിയിക്കുകയും കോസ്റ്റ് ഗാർഡും ദക്ഷിണ നാവികസേനയും തിരച്ചിലിന് ഇറങ്ങുകയുമായിരുന്നു.
കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും ചെറുവിമാനങ്ങൾ കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിലിനായി കോസ്റ്റ് ഗാർഡിന്റെ സമുദ്ര പ്രഹാരി കപ്പലും നാവികസേനയുടെ ഐഎൻഎസ് സുജാതയും രംഗത്തിറങ്ങിയിട്ടുണ്ട്. അന്ത്രോത്ത് ദ്വീപിൽ നിന്നും ഏഴര നോട്ടിക്കൽ മൈൽ അകലെയാണ് അവസാനമായി ബോട്ട് ഉണ്ടായിരുന്നതെന്നാണ് വിവരം. ഈ മേഖലയിൽ നടത്തിയ തിരച്ചിലിൽ ഇവർ വിരിച്ചതെന്ന് കരുതുന്ന വല കണ്ടെത്തി.
എഞ്ചിൻ തകരാറായി എവിടെയെങ്കിലും അകപ്പെട്ട് പോയിരിക്കാമെന്നാണ് ഇപ്പോഴും ദ്വീപുകാർ വിശ്വസിക്കുന്നത്. ഉച്ചയ്ക്ക് ഇവരുമായി ഫോണിൽ സംസാരിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ മൊബൈൽ സേവനങ്ങളിൽ തടസ്സം ഉണ്ടായിരുന്നു.