തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് കാർ വാങ്ങാൻ സർക്കാർ വക 35 ലക്ഷം. ഖാദി ബോർഡ് വൈസ് ചെയർമാനെന്ന നിലയിലാണ് ജയരാജന് സർക്കാർ ചെലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെയാണ് സർക്കാർ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്തുള്ള തീരുമാനമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ മാസം 17 നാണ് വ്യവസായ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പിന്നാലെ മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് പി.ജയരാജനുവേണ്ടി 35 ലക്ഷം രൂപയുടെ
കാർ വാങ്ങാൻ സർക്കാർ അനുമതി കൊടുത്തിട്ടുള്ളത്.