ശബരിമല: പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മുപ്പത്തിയൊന്ന് വയസ്സുളള സത്രീ മല ചവിട്ടി. നടപ്പന്തലിൽവരെ എത്തിയ ഇവരെ പൊലീസ് കണ്ടെത്തി മടക്കി അയച്ചു. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാർവതിയാണ് ഭർത്താവിനും മകൾക്കുമൊപ്പം ശബരിമലയിലെത്തിയത്.

രാവിലെ 11 മണിയോടെയാണ് പാർവതി സന്നിധാനത്തെ വലിയ നടപ്പന്തലിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ പൊലീസുകാർക്ക് സംശയം തോന്നി. പാർവതിയുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ 31 വയസ്സേ ആയിട്ടുളളൂവെന്ന് മനസ്സിലായി. ഉടൻ തന്നെ പാർവതിയെ മടക്കി അയച്ചു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, പൊലീസുകാരെ വെട്ടിച്ച് പാർവതി നടപ്പന്തൽ വരെ എത്തിയത് പൊലീസിനെ ഏറെ കുഴയ്ക്കുന്നുണ്ട്. പമ്പയില്‍ വനിതാ പൊലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറുളളത്.

അതിനിടെ, മന്ത്രി കെ.കെ.ശൈലജയ്ക്ക് ഒപ്പം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി.ജെ.അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ഒപ്പമെത്തിയിരുന്നു. ഇതിനു പിന്നാലയാണ് 50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

സംഭവത്തിൽ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്ക് 51 വയസ്സുണ്ട്. അതിന്റെ രേഖകളും കൈവശമുണ്ട്. ഗൂഢ ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ