കൊച്ചി: കാസർഗോഡ് നിന്നും വീട്ടിൽ പറയാതെ കൊച്ചി കാണാനെത്തിയ മൂന്ന് വിദ്യാർത്ഥികൾ പൊലീസിന്റെ പിടിയിലായി. കൈയ്യിലുണ്ടായിരുന്ന പണം തീർന്നപ്പോൾ നാട്ടിലേക്ക് മടങ്ങാൻ നിൽക്കെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂവരെയും പൊലീസ് പിടിച്ചത്. തിങ്കളാഴ്ച പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂവരും വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പുസ്തകങ്ങൾക്ക് പകരം മാറ്റിയുടുക്കാനുളള വസ്ത്രങ്ങളാണ് മൂവരുടെയും പക്കലുണ്ടായിരുന്നത്. ട്രെയിൻ മാർഗ്ഗമാണ് ഇവർ കൊച്ചിയിലേക്ക് വന്നതെന്ന് പൊലീസ് പറയുന്നു.
കാസർഗോഡ് ജില്ലയിലെ വിദ്യാനഗർ സ്വദേശികളാണ് മൂവരും. ഒരേ ക്ലാസിൽ ഒരുമിച്ച് പഠിക്കുന്നവർ. തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ മൂവരും ആലുവയിൽ ഒറു ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. കൊച്ചി മെട്രോ, ലുലു മാൾ തുടങ്ങിയവ കാണുകയായിരുന്നു ലക്ഷ്യം. മൂവരുടെയും പക്കലായി 5000 രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ താമസവും ഭക്ഷണവും മറ്റ് ചിലവുകളുമായപ്പോൾ കൈയ്യിലെ പണം തീർന്നു. ഇതോടെ തിരികെ നാട്ടിലേക്ക് പോകാൻ തീരുമാനവും എടുത്തു.
തിങ്കളാഴ്ച രാത്രി വൈകിയും കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് ഇവർ സ്കൂളിലും ചെന്നിട്ടില്ലെന്നറിഞ്ഞത്. അതോടെ പൊലീസിനെ സമീപിച്ചു. മൂവരും എങ്ങോട്ട് പോയെന്ന് യാതൊരു വിവരവും പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആലുവ മാർക്കറ്റ് പരിസരത്ത് വച്ച് ഇവരിലൊരാൾ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് പൊലീസിനും ശ്വാസം വീണത്. കാസർഗോഡ് സൈബർ സെൽ ഉടൻ തന്നെ വിവരം ആലുവ പൊലീസിനെ അറിയിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐയും സംഘവും മാർക്കറ്റ് പരിസരത്തെത്തിയപ്പോഴേക്കും മൂവരും ഇവിടെ നിന്നും പോയിരുന്നു. പിന്നീട് സമീപത്തെ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തി. ആലുവ റെയിൽവേ സ്റ്റേഷനിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂവരും പിടിയിലായത്.
കൈയ്യിലുണ്ടായിരുന്ന പണം തീർന്നതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാനാണ് തങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ആലുവ പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് കാസർഗോഡ് നിന്നും രക്ഷിതാക്കളും പൊലീസുമെത്തി വിദ്യാർത്ഥികളെ നാട്ടിലേക്ക് കൊണ്ടുപോയി. കാസർഗോഡ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ഇതിന്റെ തുടർ നടപടികൾ ഉണ്ടാകുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് എസ്ഐ ഫൈസൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.