കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ കണ്ണൂർ വനിത ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ജീവനക്കാർക്ക് എതിരെ നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. തിരുവോണത്തലേന്നാണ് കണ്ണൂരിലെ വനിതാ ജയിലിൽ സൗമ്യ സഹതടവുകാരിയുടെ സാരിയിൽ തൂങ്ങി ആത്മഹത്യ ചെയ്തത്.

ജയിൽ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവർക്കെതിരെയും നടപടിക്ക് ഡിഐജി ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം തത്കാലം നടപടി മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർക്കെതിരെ മാത്രം മതിയെന്ന നിലപാടിലായിരുന്നു ജയിൽ വകുപ്പ് മേധാവി.

കേരളത്തെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ഏക പ്രതിയായിരുന്നു മരിച്ച സൗമ്യ. തിരുവോണത്തലേന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ഈ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രതി ആത്മഹത്യ ചെയ്ത ദിവസം ജയിലിൽ  സൂപ്രണ്ടോ, ഡെപ്യൂട്ടി സൂപ്രണ്ടോ ഉണ്ടായിരുന്നില്ല. ആരെങ്കിലുമൊരാൾ നിർബന്ധമായും ജയിലിൽ ഉണ്ടായിരിക്കണമെന്ന ഡിജിപിയുടെ നിർദേശം പാലിച്ചിരുന്നില്ല. ജയിലിൽ ആവശ്യത്തിന് ജീവനക്കാരുണ്ടായില്ലെന്നും പരാതിയുണ്ട്.

സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജയിലിലെ അസി സൂപ്രണ്ട് രണ്ട് മണിക്കൂർ വൈകി പകൽ 11 മണിക്കാണ് ഡ്യൂട്ടിക്ക് എത്തിയത്. ഈ സമയത്താണ് സൗമ്യ ആത്മഹത്യ ചെയ്തത്. സൗമ്യ ജയിലിനകത്ത് ഡയറിക്കുറിപ്പ് എഴുതിയത് ജീവനക്കാർ അറിഞ്ഞിരുന്നില്ല. ജീവനക്കാർ ജയിലിൽ അലസമായാണ് പെരുമാറുന്നതെന്ന ആക്ഷേപം ഇതോടെ ബലപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.