scorecardresearch

Latest News

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ മരണനിരക്ക് റെക്കോർഡിലേക്ക്

2019ലെ ആദ്യ ആറ് മാസങ്ങളിലെ കണക്കിനെ (1,28,667 മരണങ്ങൾ) അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ് ഈ വർഷത്തേത്.

Coronavirus, covid19, covid19 death
ഫയൽ ചിത്രം

തിരുവനന്തപുരം: കോവിഡിന്റെ വിനാശകരമായ രണ്ടാം തരംഗമുണ്ടായ ഈ വർഷം, കേരളത്തിലെ എല്ലാ കാരണങ്ങളും കൊണ്ടുള്ള മരണനിരക്ക് റെക്കോർഡിലെത്താൻ സാധ്യത. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്ക് 2021 ജനുവരി മുതൽ ജൂൺ വരെ രേഖപ്പെടുത്തിയത്.

ഈ വർഷത്തെ ആദ്യ ആറ് മാസം എല്ലാ കാരണങ്ങളും കൊണ്ടുള്ള 1,55,520 മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിലായിരുന്ന 2020 ലെ കണക്കിനെ (1,15,081 മരണം) അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവാണിത്. കോവിഡിനു മുൻപുള്ള, 2019ലെ ആദ്യ ആറ് മാസത്തെ കണക്കിനെ (1,28,667 മരണങ്ങൾ) അപേക്ഷിച്ച് 21 ശതമാനം കൂടുതലുമാണിത്.

ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് ഒരു വർഷം സംഭവിച്ച മൊത്തം മരണങ്ങളുടെ എണ്ണമാണ് എല്ലാ കാരണങ്ങളാലും ഉള്ള മരണനിരക്ക്.

ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രജിസ്റ്റർ ചെയ്ത മരണങ്ങളിൽ കുത്തനെ വർധനവുണ്ടായതായി സംസ്ഥാനത്തെ ജനന-മരണങ്ങളുടെ ചീഫ് രജിസ്ട്രാറിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നു.

ജൂണിലാണ് സമീപ വർഷങ്ങളിൽ മരണനിരക്ക് ഏറ്റവും മോശമായത്. സംസ്ഥാനത്ത് 32,501 മരണമാണ് ജൂണിൽ റിപ്പോർട്ട് ചെയ്തത്. 2020 ജൂണിൽ 20,640 ഉം 2019ൽ 20,642 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.ഇതിനേക്കാൾ 57 ശതമാനം വർധനവാണ് ഈ വർഷമുണ്ടായത്.

ഈ വർഷം മേയിൽ 28,684 മരണം രേഖപ്പെടുത്തി. 2020 മേയിലേക്കാൾ 33.4 ശതമാനം (21,488 മരണങ്ങൾ) വർധനവ്. 2019ൽ രേഖപ്പെടുത്തിയ 22,984 മരണങ്ങളെ അപേക്ഷിച്ച് 24.8 ശതമാനത്തിന്റെ വർധനവാണിത്.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണസംഖ്യ റിപ്പോർട്ട് ചെയ്തതും ഈ രണ്ട് മാസങ്ങളിലാണ്. പ്രതിദിനം 150-200 മരണം. മേയ് ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ 7,927 കോവിഡ് മരണം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ് പിന്നീട് ഉൾപ്പെടുത്തിയ കോവിഡ് മരണങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.

നേരത്തെ, ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ടർമാരുടെ സംഘം നടത്തിയ അന്വേഷണത്തിൽ രാജ്യത്തുടനീളമുള്ള ഔദ്യോഗിക കൊവിഡ് മരണങ്ങളിൽ കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ മരണം കണക്കാക്കുന്ന രീതി അനുസരിച്ച്, ചുരുങ്ങിയത് ഒരു വർഷത്തിനുള്ളിൽ അത് എത്രയാണെന്ന് കൃത്യമായി കണക്കാക്കാനാകും.

അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ എക്സ്പ്രസ് വിവിധ സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു, അതിൽ കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ രേഖകൾ നൽകിയിരുന്നു. കേരളത്തിൽ 2021 ഏപ്രിൽ ഒന്ന് മുതൽ മേയ് 30 വരെ രജിസ്റ്റർ ചെയ്ത എല്ലാ കാരണങ്ങളാലുമുള്ള മരണങ്ങളിൽനിന്ന് ഔദ്യോഗിക കോവിഡ് മരണങ്ങൾ ഒഴിവാക്കിയ ശേഷവും 2019 ലെ ഇതേ കാലയളവിലെ കണക്കുകളുടെ 1.23 മടങ്ങ് മരണം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിച്ചത്.

കോവിഡിന്റെ തുടക്കം മുതൽ ഡിസംബർ എട്ടു വരെ, കേരളത്തിൽ ആകെ 41,831 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അപേക്ഷകളിലൂടെ 12,161 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മരണങ്ങളിൽ ലോക്ക്ഡൗൺ സ്വാധീനം പ്രകടമായിരുന്നു. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ യഥാക്രമം 16,176, 13,338 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വർഷം ഇതേ മാസങ്ങളിൽ ഇത് യഥാക്രമം 24,632, 21,231 എന്നിങ്ങനെ ഉയർന്നു.

കോവിഡ് ആരംഭിച്ച 2020ൽ കേരളത്തിലെ എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്ക് 2019 ലെ 2,70,567 ൽ നിന്ന് 2,53,638 ആയി കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നു. എന്നാൽ, ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ, സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്ത ആകെ മരണങ്ങൾ 2,12,712 ആണ്.

കേരളത്തിലെ മരണങ്ങളുടെ രജിസ്ട്രേഷൻ വൈകുന്നത് കണക്കിലെടുത്താൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ അന്തിമ കണക്കുകൾ കൂടുതലായേക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കനുസരിച്ച്, മരണത്തിന് 21 ദിവസത്തിനു ശേഷം കേരളത്തിൽ 65 ശതമാനം മരണങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യപ്പെടുന്നുള്ളൂ.

2021ൽ എല്ലാ കാരണങ്ങളാലും ഉള്ള മരണങ്ങൾ റെക്കോർഡ് ഉയർത്തിലെത്തുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ഘടകം കൂടി കണക്കുകളിലുണ്ട്. സമീപ വർഷങ്ങളിലെ കണക്കനുസരിച്ച്, ജൂലൈ മുതൽ ഡിസംബർ വരെ ആദ്യത്തെ ആറ് മാസത്തേക്കാൾ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2019നെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞ 2020 ൽ പോലും ഈ പ്രവണത ദൃശ്യമായിരുന്നു. 2021 ന്റെ അവസാന മൂന്ന് മാസത്തെ കണക്കുകൾ ഇനിയും രേഖപ്പെടുത്താനുണ്ട്. ഇത് മൊത്തം വന്നുകഴിഞ്ഞാൽ മരണനിരക്ക് കുതിച്ചുയരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 2nd covid wave kerala deaths for record high