തൃശൂര്‍: സുന്നത്ത് കര്‍മ്മത്തിന് വിധേയനായ 29 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും ശിശുക്ഷേമ സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തുവെന്ന് തൃശൂര്‍ ചൈല്‍ഡ് ലൈന്‍. തൃപ്രയാര്‍ തളിക്കുളം അയിനിച്ചോട് പുഴങ്കരയില്ലത്തെ യൂസഫിന്റെയും നസീലയുടെയും കുഞ്ഞാണ് മരിച്ചത്. അമിതമായി ചോര വാര്‍ന്നതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

മെയ് മാസം 26 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു 29 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ തളിക്കുളം പുത്തന്‍ തോടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍ സുന്നത്ത് കര്‍മ്മം നടത്തിയത്. തുടര്‍ന്ന് കുട്ടിക്ക് പാലുകൊടുക്കാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷിക്കുകയും ചെയ്തു. ചേലാകര്‍മ്മം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും ഡ്രസ് ചെയ്യുകയും വീട്ടിലേക്ക് അയക്കുകയും ചെയ്തു. വീട്ടില്‍ പോയശേഷവും രക്തം കണ്ടെത്തിയതോടെ വീട്ടുകാര്‍ ഡോക്ടറെ ഫോണില്‍ വിളിച്ചുവിവരം പറഞ്ഞു. എന്നാൽ കുട്ടിയുടെ കൈയ്യോ കാലോ തട്ടിയിട്ടുണ്ടാകുമെന്നായിരുന്നു ഡോക്ടറുടെ മറുപടി. പിന്നീട് രാത്രിയില്‍ പലതവണ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല.

പിറ്റേദിവസം 27 ന് രാവിലെ ഡോക്ടറുടെ വീട്ടിലെത്തുകയും ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനു ശേഷം ഡോക്ടര്‍ സുന്നത്ത് കര്‍മ്മം നടത്തിയ ഭാഗം വീണ്ടും ഡ്രസ് ചെയ്ത ശേഷം കുട്ടിയെ മറ്റൊരു സര്‍ജനെ കാണിക്കാന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ഡോക്ടറും സര്‍ജനും അവധിയിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടിയുടെ ശരീരത്തില്‍ നിന്നും 93 ശതമാനം രക്തവും പോയിക്കഴിഞ്ഞിരുന്നു. വൈകിട്ട് അഞ്ചരയോടെ കുട്ടി മരണപ്പെട്ടു. സംഭവത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി.

ഈ വിഷയത്തില്‍ വിപുലമായ അവബോധം നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്, സഹിയോയ്ക്ക് വേണ്ടി കേരളത്തിലെ പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മ്മത്തെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ആയിശ മെഹമൂദ് അഭിപ്രായപ്പെട്ടു.

“കുട്ടികളുടെ സുന്നത്തു കര്‍മ്മം നടത്തേണ്ട പ്രായത്തെ കുറിച്ച് പൊതുവായ ഒരു ധാരണ ഉണ്ടായിട്ടില്ല. മതപരമായ കെട്ടുപാടുകളില്‍ കുടുങ്ങി കിടക്കുന്ന ഒരു വിഷയം ആയതു കൊണ്ട് വളരെ പേടിച്ചിട്ടാണ് അതിനെ സമീപിക്കുന്നത് തന്നെ. ഏറ്റവും പ്രധാനം പക്ഷെ കുട്ടികളുടെ സുരക്ഷ തന്നെയാണ്. അതിനു മുന്‍തൂക്കം കൊടുത്തു കൊണ്ട് ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും പ്രത്യേക പരിശീലനവും സജ്ജീകരണവും ഉണ്ടെന്നു ഉറപ്പ് വരുത്തണം. വിപുലമായ അവബോധനം നടത്തേണ്ട ആവശ്യവും ഉണ്ട്. പെണ്‍കുഞ്ഞുങ്ങളുടെ ചേലാകര്‍മ്മം തന്നെ ഇപ്പോഴാണ് സമൂഹത്തില്‍ അറിഞ്ഞത്. അത് നടത്തി കൊണ്ടിരുന്ന ക്ലിനിക് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ