scorecardresearch
Latest News

മണ്ഡലകാലം: ശബരിമലയില്‍ 25,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും

sabarimala, iemalayalam
ഫയൽ ചിത്രം

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.

അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്‍ക്കും കൊടുക്കുന്നതിന് ദേവസ്വംബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
 
പമ്പയില്‍ സ്‌നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കുള്ളൂ. അവിടെ നിന്ന് പമ്പ വരെ കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം.

കോവിഡ് മുക്തരില്‍ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Also Read: പഴയ വാഹനം പൊളിച്ചാൽ പുതിയതിന് നികുതി ഇളവ്, 25 ശതമാനം വരെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 25000 pilgrims allowed in sabarimala during mandalakalam