കൊച്ചി: ഇന്ത്യന്‍ നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 12,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് കൊച്ചിയില്‍ പിടികൂടി. 2,500 കിലോ ഗ്രാം മെത്താംഫെറ്റാമൈനാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടൽ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ’ ഭാഗമായാണ് നടപടി.
ലഹരിമരുന്ന് കടത്തിലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു പാക്കിസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയിലെ എന്‍സിബിയുടെ മൂന്നമത്തെ വലിയ ഓപ്പറേഷനാണിത്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തീരപ്രദേശമായ മക്രാൻ തീരത്ത് നിന്ന് ഉയര്‍ന്ന അളവില്‍ മെതാംഫെറ്റാമൈൻ കയറ്റിയ ഒരു കപ്പലിന്റെ നീക്കത്തെക്കുറിച്ച് ഇന്ത്യൻ നാവികസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇത്തരം കപ്പലുകള്‍ സാധാരണയായി വൻതോതിൽ മയക്കുമരുന്ന് നിരോധിതവസ്തുക്കൾ കയറ്റി മറ്റ് കപ്പലുകളിലേക്ക് കൈമാറുകയാണ് പതിവ്.
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള തുടര്‍ച്ചയായ വിവരങ്ങളാണ് ലഹരിമരുന്ന് വേട്ടയ്ക്ക് സഹായകരമായതെന്ന് എന്‍സിബി അറിയിച്ചു. 134 ചാക്കിലായാണ് മെതാംഫെറ്റാമൈൻ ഉണ്ടായിരുന്നത്. പാക്കിസ്ഥാനി സ്വദേശി സഞ്ചരിച്ച സ്പീഡ് ബോട്ടും തടഞ്ഞതായി അധകൃതര്‍ അറിയിച്ചു.
കണ്ടെടുത്ത ലഹരിമരുന്ന് ചാക്കുകൾ, പിടികൂടിയ ബോട്ട്, കണ്ടെത്തിയ വസ്തുക്കൾ എന്നിവ നാവികസേന കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറി.