കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല മുന്‍ കലക്ടര്‍ എൻ.പ്രശാന്ത് 25,73,385 രൂപ പിഴ അടയ്ക്കണമെന്ന് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടതായി പൊതുപ്രവർത്തകൻ. മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡൻറ് കെ.എം.ബഷീര്‍ നല്കിയ പരാതിയെ തുടർന്ന് നടപടിയെന്നാണ് വാർത്ത. കോഴിക്കോട് ജില്ല കലക്ടറായിരിക്കെ, മണൽവേട്ട സ്ക്വാഡിനുവേണ്ടി വാങ്ങിയ കാർ സ്വന്തം വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് ബഷീർ അവകാശപ്പെട്ടു.
2015 സെപ്റ്റംബർ എട്ടുമുതല്‍ ഈ വര്‍ഷം സെപ്റ്റംബർ എട്ടുവരെയുള്ള പലിശ 6,35,411 രൂപയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ ഈടാക്കുക. പണം അടയ്ക്കുന്ന അന്തിമ ദിവസം വരെ പലിശ കൂടിക്കൊണ്ടിരിക്കും. പതിനെട്ട് ശതമാനം പലിശ കണക്കാക്കി ഓരോ ദിവസവും 588 രൂപ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും ബഷീർ പറയുന്നു.
മണല്‍വേട്ട സ്ക്വാഡിന് ഉപയോഗിക്കാൻ രണ്ട് മഹീന്ദ്ര ബൊലോറ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിർദ്ദേശിച്ചിരുന്നു. ഉത്തരവിന് വിരുദ്ധമായി ഫോര്‍ഡ് ആസ്പയറിന്റെ രണ്ടു കാറുകള്‍ വാങ്ങിയാണ് മുൻ കലക്ടർ ചട്ടലംഘനം നടത്തിയത്. ചുവന്ന ബോര്‍ഡ് അഴിച്ചുമാറ്റി വാഹനം വീട്ടാവശ്യത്തിന് ഉപയോഗിച്ചു. രണ്ടാമത്തെ വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് കൈമാറാതെ പരിശീലനത്തിനുവന്ന സബ് കലക്ടർക്ക് നല്കിയതും ചട്ടലംഘനമായി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് നിയോഗിക്കാത്ത ഒരു ട്രെയിനി സബ് കലക്ടര്‍ക്ക് ഔദ്യോഗിക വാഹനം കൊടുക്കാന്‍ പാടില്ല. എന്നാല്‍ എന്‍.പ്രശാന്ത് ഈ നിയമവും ലംഘിക്കുകയായിരുന്നു എന്നും പരാതിക്കാരൻ പറയുന്നു.
അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ വാങ്ങുകയും വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് നല്‍കാതിരിക്കുകയും ചെയ്തതിനാൽ 11,76,688 രൂപയാണ് സര്‍ക്കാരിന് നഷ്ടമെന്ന് പരാതിയിൽ പറയുന്നു. 31,852 കി.മീറ്റർ ദൂരം സ്വകാര്യ ആവശ്യങ്ങൾക്കായി ഫോർഡ് ആസ്പയർ വാഹനം പ്രശാന്ത് ഉപയോഗിച്ചതായി ധനവകുപ്പ് പരിശോധനയിൽ വ്യക്തമായി. ഇന്ധന ചെലവുകൾക്കും താൽക്കാലിക ഡ്രൈവറുടെ ശമ്പളത്തിനും മറ്റും 2,91,353 രൂപ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. 2015-16ല്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് അധികമായി ചെലവഴിച്ച തുകയായ 5,52,613 രൂപയും പ്രശാന്ത് സര്‍ക്കാരിന് നല്‍കണമെന്ന് വിവരാവകാശപ്രകാരം ലഭിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെന്ന് ബഷീർ പറയുന്നു.
2017 ഫെബ്രുവരി ഒമ്പതിനാണ് വിഡിയോ തെളിവുകള്‍ സഹിതം ചീഫ് സെക്രട്ടറിക്കും ധന വകുപ്പിനും പരാതി നല്‍കിയത്. വിവരം നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായപ്പോള്‍ 82,680 രൂപ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ അടച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍.പ്രശാന്ത് ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പ്രശാന്ത് വാഹനം ദുരുപയോഗം ചെയ്തതെന്നും സര്‍ക്കാര്‍ ഉത്തരവ് ഉദ്ധരിച്ച് ബഷീർ ആരോപിച്ചു.