തിരുവനന്തപുരം:​സംസ്ഥാനത്ത് 2002 മുതൽ രജിസ്റ്റർ ചെയ്ത 42 യുഎപിഎ കേസുകളിൽ 25 എണ്ണവും ഈ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം രജിസ്റ്റർ ചെയ്ത 26 ൽ 25 കേസിലും യുഎപിഎ കുറ്റം ഒഴിവാക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.

കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ഐഎസ് കേസിൽ മാത്രമാണ് കുറ്റം നിലനിൽക്കുക. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ പ്രവർത്തിക്കുന്നതിനായി അഫ്‌ഗാനിസ്ഥാനിലേക്ക് പോയെന്ന കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസാണിത്.

അതേസമയം മുൻ സർക്കാരുകളുടെ കാലത്ത് രജിസ്റ്റർ ചെയ്ത 136 കേസുകളിൽ യുഎപിഎ കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ 162 കേസുകളിലാണ് കേരളത്തിൽ യുഎപിഎ ചുമത്തിയത്. അതിൽ തന്നെ 120 കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ കേസുകളിൽ ആരെങ്കിലും അറസ്റ്റിലായി തടവിൽ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

വേഗത്തിൽ ഈ കേസുകളിൽ യുഎപിഎ പ്രകാരമുള്ള കോടതി നടപടികൾ അവസാനിപ്പിക്കാനുള്ള ശ്രമം വേണമെന്ന് ആഭ്യന്തര വകുപ്പിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസുകൾ പുന:പരിശോധിക്കാൻ കോടതിക്ക് മാത്രമേ സാധിക്കൂ.

രാജ്യത്തിനെതിരായ അക്രമങ്ങൾ തടയാനുള്ള വകുപ്പ് സാധാരണ ക്രിമിനൽ കേസുകളിൽ ഉപയോഗിക്കരുതെന്നാണ് സർക്കാർ നിലപാട്. എന്നാൽ പൊലീസ് ഈ സർക്കാരിന്റെ കാലത്തും അനവധി കേസുകളിൽ യുഎപിഎ ചുമത്തിയത് പിണറായി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

സിപിഐ യും ഈ കാര്യത്തിൽ തുറന്ന എതിർപ്പുമായി വന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനം നടത്തി യുഎപിഎ യ്ക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസുകളിൽ യുഎപിഎ കുറ്റം പിൻവലിക്കാനുള്ള പരിശോധനയും പൂർത്തിയായത്.

ദവ പ്ലീഡർ സുമൻ ചക്രവർത്തി, ഡിജിപി ലോക്നാഥ് ബെഹ്റ, പൊലീസിന്റെ നിയമകാര്യ ഉപദേഷ്ടാവ് എന്നിവരാണ് കേസുകൾ പുന:പരിശോധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ