തിരുവനന്തപുരം: എട്ട് ദിവസം നീണ്ടു നിന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് സമാപനമാകും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് ആറ് മണിക്ക് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. മത്സരവിഭാഗത്തിലുള്ള പതിനാല് ചിത്രങ്ങളില്‍ ഗ്രെയ്ന്‍, കാന്‍ഡലേറിയ, ഐ സ്റ്റില്‍ഡ ഹൈഡ് റ്റു സമോക് എന്നിവയാണ് സുവര്‍ണ ചകോര സാധ്യതയില്‍ മുന്നിലുള്ളത്. രണ്ടു പേര്‍, ഏദന്‍ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിന്റെ പ്രതീക്ഷ.

ചടങ്ങില്‍ മികച്ച സിനിമ, സംവിധായകന്‍, മികച്ച സിനിമക്കുള്ള പ്രേക്ഷക പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമ, മികച്ച ലോകസിനിമ, മികച്ച മലയാളം സിനിമ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്.

ഇന്ന് 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലവ് ലെസ്, ഡി ജാം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകുറോവിന് സമഗ്ര സംഭാവനക്കുള്ള പുര്‌സ്‌കാരം സമാപനച്ചടങ്ങില്‍ സമ്മാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ