തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായി 2,200 ഡോക്ടര്‍മാര്‍ കൂടെ വൈദ്യസേവന രംഗത്തേക്കെത്തുന്നു.  കോവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് ഇത്രയും ഡോക്ടര്‍മാരുടെ സേവനം വൈദ്യശാസ്ത്രത്തിന് ലഭിക്കുന്നതെന്ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

കേരളം കോവിഡ്-19-നെ നേരിടുന്ന സാഹര്യത്തില്‍ ഇവര്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തേക്ക് എത്തുന്നത് ആശ്വാസകരമാകും. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ മെഡിക്കല്‍ കോളെജുകളില്‍ 2014-ല്‍ എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്.

മാര്‍ച്ച് 31-ന് ഇന്റേണ്‍ഷിപ്പ് അവസാനിച്ചിട്ടും കോവിഡ്-19 സാഹചര്യം മുന്‍ നിര്‍ത്തി ഇവരുടെ ഇന്റേണ്‍ഷിപ്പ് 20 ദിവസം കൂടെ നീട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തങ്ങളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സൗജന്യമായി തങ്ങളുടെ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു.

Read Also: Explained: കൊറോണവൈറസിനെ ആദ്യം വീക്ഷിച്ച ജൂണ്‍ അല്‍മെയ്ഡ ആരാണ്‌?

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായാലേ ഇവര്‍ക്ക് ട്രാവന്‍കൂടര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും പ്രാക്ടീസിനുള്ള രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. അതിനാലാണ് ഹൗസ് സര്‍ജന്‍മാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍കാനും തീരുമാനമായത്.

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൗസ് സര്‍ജന്‍സി കാലയളവും പൂര്‍ത്തീകരിച്ചിട്ടും മൂന്ന് മാസം കൂടെ ഇവരെ സര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ നിയോഗിക്കാന്‍ നീക്കമുണ്ടായിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഹൗസ് സര്‍ജന്‍ പറഞ്ഞു.

Read Also: കോവിഡ് ചികിത്സയില്‍ വലിയ നേട്ടത്തിനരികെ കാസര്‍ഗോഡ്

മുന്‍ വര്‍ഷങ്ങളില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയവരെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കുന്നത് വൈകിപ്പിക്കാനായിരുന്നു നടപടിയെന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ പറഞ്ഞു. ശമ്പളം നല്‍കുന്നതിന് പകരം സ്റ്റൈപന്റ് മാത്രം നല്‍കിയാല്‍ മതിയാകുമെന്ന് അവര്‍ പറഞ്ഞു. കൂടാതെ, മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രശ്‌നമില്ലാത്തതിനാല്‍ വരുന്ന പിജി എന്‍ട്രന്‍സില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പിന്തള്ളിപ്പോകാനും സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു.

മന്ത്രിയുടെ ഓഫീസുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനപ്രകാരം മൂന്ന് മാസത്തേക്കു കൂടിയുള്ള ഇന്റേണ്‍ഷിപ്പ് പിന്‍വലിച്ചു. പക്ഷേ, അടിന്തയര ഘട്ടത്തില്‍ ഇവരെ സേവനത്തിന് വിളിക്കുമെന്നും തീരുമാനമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.