കൊച്ചി: കൊച്ചി പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ പിടികൂടിയതായി റിപ്പോർട്ട്.
ബോട്ടിലുണ്ടായിരുന്ന ഇറാന്‍, പാക്കിസ്ഥാൻ പൗരന്മാരായ ആറു പേരെ കസ്റ്റഡിയിലെടുത്തു. ബോട്ട് നാവികസേന കൊച്ചി തുറമുഖത്ത് എത്തിച്ചു.
ഇറാനിയന്‍ ബോട്ടില്‍ ലഹരിവസ്തു കടത്തുന്നതായി എന്‍ സി ബിയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ സി ബി നാവികസേനയുടെ സഹായത്തോടെ ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
ലഹരിവസ്തുക്കള്‍ പിടികൂടിയ കാര്യം നാവികസേനയോ എന്‍ സി ബി യോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണമേഖലയില്‍ സമീപകാലത്ത് നടന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്. മേയില്‍ ലക്ഷദ്വീപ് തീരത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി ആര്‍ ഐ) കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു 218 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.
1,526 കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് രണ്ട് ബോട്ടുകളില്‍നിന്നായി അന്നു പിടികൂടിയത്. ഒരു കിലോ വീതമുള്ള 218 പാക്കറ്റ് ഹെറോയിനാണു പിടിച്ചെടുത്തത്.
ഏപ്രില്‍ 20നു ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് ഇറക്കുമതി ചെയ്ത ജിപ്‌സം പൊടി ചരക്കില്‍നിന്ന് 205.6 കിലോ ഹെറോയിനും 29നു പിപാവാവ് തുറമുഖത്തുനിന്ന് ഹെറോയിന്‍ അടങ്ങിയ 396 കിലോ നൂലും പിടിച്ചെടുത്തിരുന്നു.