വാളയാർ: സഹോദരിമാരുടെ മരണം വൻ വിവാദമായിരിക്കെ പാലക്കാട് ജില്ലയിലെ വാളയാറിൽ നിന്നും വീണ്ടും പീഡന വാർത്ത. വിഷം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവരുടെ അയൽവാസിയായ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപത് വയസ്സുകാരിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി പിന്നീട് കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതിന് ശേഷം ഇവർ വിഷം കഴിച്ചു. അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ പീഡന വിവരം വെളിപ്പെട്ടതോടെയാണ് അന്വേഷണം നടന്നത്. ഇതേ തുടർന്ന് അയൽവാസിയായ രതീഷിനെ ഇന്ന്  പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം വാളയാറിൽ സഹോദരികളായ പെൺകുട്ടികളുടെ തൂങ്ങിമരണവും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി 13 ന് മൂത്ത സഹോദരി കൃതിക കൊല്ലപ്പെട്ടപ്പോൾ, ഈ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. മരിച്ച് 52 ദിവസത്തിന് ശേഷമാണ് ഇളയ സഹോദരിയുടെ മരണം. അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് തൃശ്ശൂർ റേഞ്ച് ഐജി യുടെ റിപ്പോർട്ടിൽ എസ്ഐ പിസി ചാക്കോയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ