തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകളിലാണ് അധിക സീറ്റ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2021 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലുമായാണ് 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന്‍ തീരുമാനിച്ചത്.
2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ്: നിയമ നിർമാണം നടത്തും
1973ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാര്‍(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാര്‍ശയില്‍ നിയമ നിര്‍മാണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതിനായാണ് ഈ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നത്.
Read More: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം
2008ലെ കേരളപ്രവാസി കേരളീയക്ഷേമ ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ കരട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാനും യോഗം തീരുമാനിച്ചു. അര്‍ബണ്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ അംഗീകരിച്ചു.
പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും സുശീലപടിയിലേയും റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് സമര്‍പ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് യോഗത്തിൽ പുതുക്കിയ ഭരണാനുമതി നല്‍കി.
കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതിയും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.