Latest News

സംസ്ഥാനത്ത് 2.61 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല: മുഖ്യമന്ത്രി

വായനശാല, അയല്‍പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്

covid 19, കോവിഡ്-19, coronavirus, കൊറോണവൈറസ്‌, lockdown, ലോക്ക്ഡൗണ്‍, online learning, ഓണ്‍ലൈന്‍ ലേണിങ്‌, kerala, students out of online learning, pinarayi vijayan,

തിരുവനന്തപുരം: സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ 12-ാം ക്ലാസ്സ് വരെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നിട്ടില്ല. ജൂണ്‍ മാസം കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്ന സമയമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഈ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. വിക്ടേഴ്‌സ് ചാനല്‍ വഴിയും വിക്ടേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും കുട്ടികളെ പഠിപ്പിക്കുകയെന്നതായിരുന്നു തീരുമാനം.

അതിന്റെ ഭാഗമായി ജൂണ്‍ 1ന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചത്. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

Read Also: ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്കൂൾ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വം നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനെ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യമാകുമെന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകര്‍ തന്നെ കുട്ടികളും രക്ഷിതാക്കളുമായി ബന്ധപ്പെടാനും പരിശോധന നടത്താനുമായിരുന്നു തീരുമാനിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 41 ലക്ഷത്തില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഈ 2,61,784 കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ തന്നെയാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്.

ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവി ഉണ്ടാകില്ല. മറ്റ് ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടായിരുന്നു.

Read Also: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍, പിടിഎ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പഠന സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എംഎല്‍എമാരുടെ പിന്തുണയും തേടിയിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എംഎല്‍എമാര്‍ ഈ സംവിധാനം ഒരുക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.

വായനശാല, അയല്‍പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ മരണം ദുഃഖകരം; അന്വേഷണം നടക്കുന്നു

മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ മരണം ഏറെ ദുഃഖകരമാണെന്നും മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രഥമികമായ അന്വേഷണം അനുസരിച്ച് സ്കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു.”-മുഖ്യമന്ത്രി പറഞ്ഞു

“ദേവികയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ക്ലാസ്സ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹരിക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുമ്പിളിയം പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കുട്ടികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിയിരുന്നു.”

“സ്കൂള്‍ പിടിഎയും കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നു വരികയാണ്.”-മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 2 61 lakh students havent online learning facilities in kerala

Next Story
ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ നോ പറഞ്ഞിട്ടില്ല: മുഖ്യമന്ത്രിvandebharat covid-19 evacuation
The moderation of comments is automated and not cleared manually by malayalam.indianexpress.com
X