തിരുവനന്തപുരം: മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കള്ളനാണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന് ലാലു പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇയാൾ സംഭവത്തിനു ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പുലർച്ചെ വീട്ടിനുള്ളിൽ നിന്നും ശബ്ദംകേട്ട് ഉണർന്ന ലാലു വീടിനുള്ളിൽ കണ്ട യുവാവിനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം വീട്ടിൽ ഒരാൾ കുത്തേറ്റു കിടക്കുകയാണെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ലാലു പൊലീസ് സ്റ്റേഷനിൽ എത്തി അറിയിച്ചു. തുടർന്ന് പൊലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാലുവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അനീഷിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More: ഓട്ടോ, ടാക്സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സമരക്കാരുമായി മന്ത്രി ചർച്ച നടത്തും